മുംബൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 17 റണ്‍സിനാണ് ഡല്‍ഹി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
വിജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്‍റുമായി ഡല്‍ഹി, ബാംഗ്ലൂരിനെ മറികടന്ന് നാലാം സ്ഥാനത്തേക്ക് കയറി. തോല്‍വി പഞ്ചാബിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ഒരു മത്സരം ശേഷിക്കേ 12 പോയന്‍റുള്ള സംഘം ഏഴാമതാണ്.
34 പന്തില്‍ 44 റണ്‍സെടുത്ത ജിതേഷ് ശര്‍മയാണ് പഞ്ചാബിന്‍റെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ 15 പന്തില്‍ 28 റണ്‍സും, ശിഖര്‍ ധവാന്‍ 16 പന്തില്‍ 19 റണ്‍സുമെടുത്തു പുറത്തായി. 24 പന്തില്‍ 24 റണ്‍സെടുത്ത രാഹുല്‍ ചഹാര്‍ പുറത്താവാതെ നിന്നു. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.
ഭാനുക രജപക്‌സ (4), ലിയാം ലിവിങ്സ്റ്റണ്‍ (3), ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ (0), ഹര്‍പ്രീത് ബ്രാര്‍ (1), ഋഷി ധവാന്‍ (4), കഗിസോ റബാദ (6) എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ഷ്ദീപ് സിങ്ങും (2) പുറത്താവാതെ നിന്നു.
നാല് വിക്കറ്റ് വീഴ്ത്തിയ ശാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ഡല്‍ഹിക്കായി മിന്നി.
നേരത്തെ ടോസ് നഷ്‌ടമായി ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 159 റണ്‍സെടുത്തത്. 48 പന്തില്‍ 63 റൺസെടുത്ത മിച്ചല്‍ മാര്‍ഷിന്‍റെ ഇന്നിങ്‌സാണ് സംഘത്തിന് തുണയായത്. സര്‍ഫറാസ് ഖാന്‍ (16 പന്തില്‍ 32), ലളിത് യാദവ് (21 പന്തില്‍ 24), അക്‌സര്‍ പട്ടേല്‍ (20 പന്തില്‍ 17) എന്നിവര്‍ക്ക് മാത്രമേ മാര്‍ഷിനെ കൂടാതെ ഡല്‍ഹി നിരയില്‍ രണ്ടക്കം കടക്കാനായൊള്ളൂ.
ഡേവിഡ് വാര്‍ണര്‍ (0), ക്യാപ്റ്റന്‍ റിഷഭ് പന്ത് (7), റോവ്മാന്‍ പവല്‍ (2) എന്നിവരെല്ലാം നിരാശപ്പെടുത്തി. പഞ്ചാബിനായി അര്‍ഷ്ദീപ് സിങ്ങും ലിയാം ലിവിങ്സ്റ്റണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.