മുംബൈ : ഇന്ത്യയുടേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റേയും മുന്‍ നായകന്‍ എംഎസ് ധോണി അഭിനയിച്ച ഐപിഎല്‍ പ്രമോഷണൽ പരസ്യം പിന്‍വലിക്കും. അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയാണ് (എഎസ്‌സിഐ) പരസ്യം പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരസ്യം ട്രാഫിക് നിയമ ലംഘനങ്ങളെ മഹത്വവത്കരിക്കുന്നുവെന്ന് കാട്ടി ഒരു റോഡ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ നല്‍കിയ പരാതിയിലാണ് നടപടി.
മാര്‍ച്ച് 20നകം പരസ്യത്തില്‍ മാറ്റം വരുത്തുകയോ, പൂര്‍ണമായും പിന്‍വലിക്കുകയോ ചെയ്യാനാണ് എഎസ്‌സിഐ നിര്‍ദേശിച്ചിരിക്കുന്നത്. മാര്‍ച്ച് നാലിന് പുറത്തിറങ്ങിയ പരസ്യത്തില്‍ ഒരു ബസ് ഡ്രൈവറായാണ് ധോണിയെത്തുന്നത്. കളി കാണാനായി ബസ് നടുറോഡില്‍ നിര്‍ത്തുകയും തുടര്‍ന്ന് ഗതാഗതക്കുരുക്കുണ്ടാവുന്നതുമാണ് രംഗം.