കേരളം

kerala

ETV Bharat / sports

IPL 2022 | മുംബൈക്ക് തുടര്‍ച്ചയായ ആറാം തോല്‍വി ; ലഖ്‌നൗവിന്‍റെ ജയം 18 റണ്‍സിന് - മുംബൈ ഇന്ത്യന്‍സ്

ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണെടുത്തത്

IPL 2022  MUMBAI INDIANS VS LUCKNOW SUPER GIANTS  IPL 2022 HIGHLIGHTS  മുംബൈ ഇന്ത്യന്‍സ്  ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്
IPL 2022: മുംബൈക്ക് തുടര്‍ച്ചയായ ആറാം തോല്‍വി; ലഖ്‌നൗവിന്‍റെ ജയം 18 റണ്‍സിന്

By

Published : Apr 16, 2022, 8:08 PM IST

മുംബൈ : ഐപിഎല്ലില്‍ തോല്‍വി തുടര്‍ക്കഥയാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടാണ് രോഹിത്തും സംഘവും 18 റണ്‍സിന് കീഴടങ്ങിയത്. സീസണില്‍ മുംബൈയുടെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.

ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സാണെടുത്തത്. മുംബൈയുടെ മറുപടി നിശ്ചിത ഓവറില്‍ ഒമ്പതിന് 181 റണ്‍സില്‍ അവസാനിച്ചു. നിര്‍ണായകമായ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ആവേശ് ഖാനാണ് മുംബൈയുടെ തോല്‍വിക്ക് ആക്കം കൂട്ടിയത്.

27 പന്തില്‍ 37 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. സൂര്യകുമാറിന് പുറമേ ഡെവാള്‍ഡ് ബ്രേവിസ് (13 പന്തില്‍ 31), തിലക് വര്‍മ (26 പന്തില്‍ 26), കീറണ്‍ പൊള്ളാര്‍ഡ് (14 പന്തില്‍ 25) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതിയത്. ഇഷാന്‍ കിഷന്‍ (13), രോഹിത് ശര്‍മ (6), ഫാബിയന്‍ അലന്‍ (8) ജയ്‌ദേവ് ഉനദ്‌ഘട്ട് (14), മുരുകന്‍ അശ്വിന്‍ (6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.

ലഖ്‌നൗവിനായി ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്‌ണോയ്, മാർക്കസ് സ്റ്റോയിനിസ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

മുന്നില്‍ നിന്ന് നയിച്ച് രാഹുല്‍ : നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ലഖ്‌നൗവിനെ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്‍റെ സെഞ്ചുറി പ്രകടനമാണ് മികച്ച സ്‌കോറിലെത്തിച്ചത്. 60 പന്തില്‍ ഒമ്പത് ഫോറുകളുടേയും അഞ്ച് സിക്‌സുകളുടേയും അകമ്പടിയോടെ 103 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ലഖ്‌നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 57 റണ്‍സാണ് സംഘം അടിച്ചെടുത്തത്. 13 പന്തില്‍ 24 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡികോക്കിനെയാണ് അദ്യം നഷ്‌ടമായത്.

ഡികോക്കിനെ ഫാബിയന്‍ അലന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച മനീഷ് പാണ്ഡെയും രാഹുലും 72 റണ്‍സ് കൂട്ടിചേര്‍ത്തു. 14ാം ഓവറിന്‍റെ രണ്ടാം പന്തില്‍ മനീഷിനെ പുറത്താക്കി മുരുകന്‍ അശ്വിനാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

also read: ഇഷാൻ കിഷനായി വലിയ തുക മുടക്കിയതിന് മുംബൈയെ വിമർശിച്ച് ഷെയ്ൻ വാട്‌സൺ

29 പന്തില്‍ 38 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. മാര്‍കസ് സ്റ്റോയിനിസ് (9 പന്തില്‍ 10), ദീപക് ഹൂഡ (8 പന്തില്‍ 15) എന്നിവര്‍ വേഗം തിരിച്ച് കയറി. ഉനദ്‌ഘട്ടാണ് ഇരുവരെയും പുറത്താക്കിയത്. ഒരു പന്തില്‍ ഒരു റണ്‍സുമായി ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു.

മുംബൈക്കായി ജയ്‌ദേവ് ഉനദ്‌ഘട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മുരുകന്‍ അശ്വിന്‍, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ABOUT THE AUTHOR

...view details