മുംബൈ: ഐപിഎല്‍ 15ാം സീസണില്‍ പരിക്കേറ്റ മുഹമ്മദ് അർഷദ് ഖാന് പകരം ഇടങ്കയ്യന്‍ സ്പിന്നർ കുമാർ കാർത്തികേയ സിങ്ങിനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയാണ് കാർത്തികേയ സിങ്ങിനായി മുംബൈ മുടക്കിയതെന്ന് ഐപിഎല്‍ അറിയിച്ചു.
ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനായാണ് താരം കളിക്കുന്നത്. ടീമിനായി ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 19 ലിസ്റ്റ് എ മത്സരങ്ങളും എട്ട് ടി20കളും കാർത്തികേയ കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 35 വിക്കറ്റുകള്‍ നേടിയ താരം, 18 ലിസ്റ്റ് എ വിക്കറ്റുകളും 9 ടി20 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈയെ സംബന്ധിച്ച് ഏറ്റവും മോശം സീസണാണിത്. ലീഗില്‍ കളിച്ച എട്ടുമത്സരങ്ങളും തോറ്റ സംഘം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലാണ്. ടീമിന്‍റെ നട്ടെല്ലായ ക്യാപ്റ്റന്‍ രോഹിത്തിന് പുറമെ സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഇഷാൻ കിഷൻ എന്നിവരുടെ മോശം പ്രകടനമാണ് ടീമിന്‍റെ തോല്‍വിക്ക് മുഖ്യകാരണം.
also read: 'ഈ ടീമിനെ ഞാനേറെ ഇഷ്ടപ്പെടുന്നു'; എട്ടാം തോല്‍വിക്ക് പിന്നാലെ ഹൃദയ സ്‌പര്‍ശിയായ കുറിപ്പുമായി രോഹിത്
ബൗളിങ് യൂണിറ്റില്‍ ജസ്പ്രീത് ബുംറയെ പിന്തുണയ്‌ക്കാന്‍ മികച്ച ഒരു പേസറോ, ക്വാളിറ്റി സ്‌പിന്നറോയില്ലാത്തതും ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ തുടങ്ങിയ താരങ്ങളുടെ കൂടുമാറ്റവും ടീമിന് തിരിച്ചടിയാണ്.