ചെന്നൈ: ഐപിഎല്ലിൽ മോശം പ്രകടനത്തെ തുടര്‍ന്ന് പ്ലേ ഓഫ് കാണാതെ തന്നെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായി കഴിഞ്ഞു. സീസണില്‍ കളിച്ച 13 മത്സരങ്ങളില്‍ വെറും നാല് ജയം മാത്രം നേടാനായ ധോണിപ്പട നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കിലും ചെന്നൈയെ കൈയൊഴിയാൻ തയ്യാറല്ലെന്നാണ് ആരാധക പക്ഷം.
ചെന്നൈക്ക് ഒരു ആരാധകന്‍ അയച്ച ഹൃദയഭേദകമായ കത്തിന് മറുപടിയുമായി ധോണിയെത്തിയത് സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകരിപ്പോള്‍. 'ഹോ.. ക്യാപ്റ്റൻ, ഞങ്ങളുടെ ക്യാപ്റ്റൻ...നിങ്ങളെപ്പോലെ ഒരാൾ ഇനിയുണ്ടാകില്ല '- എന്ന കത്തിലെ വാക്കുകൾ മഞ്ഞപ്പട ഏറ്റടുത്തിട്ടുണ്ട്.
ക്രിക്കറ്ററായും, ഒരു വ്യക്തിയായും ജീവിതത്തില്‍ ധോണി ഏറെ സ്വാധീനം ചെലുത്തിയെന്നും ഈ കത്തില്‍ ആരാധകന്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്ത് ഫ്രെയിം ചെയ്ത ചെന്നൈ ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ കത്തിന് മേല്‍ 'നന്നായി എഴുതി' എന്നാണ് സ്വന്തം കൈപ്പടയിൽ ധോണി മറുപടി നല്‍കിയത്.
also read: 'അന്ന് കോലിക്ക് കിരീടം നേടാനുള്ള അവസരമായിരുന്നു, പക്ഷെ... ആ.. ഒരോവര്‍'; ഓര്‍മകള്‍ പങ്കുവച്ച് വാട്‌സണ്‍
രാജസ്ഥാന്‍ റോയല്‍സിനെതിരായാണ് ചെന്നൈ സീസണിലെ തങ്ങളുടെ അവസാന മത്സരം കളിക്കുക. വെള്ളിയാഴ്‌ച രാത്രി 7.30ന് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലാണ് മത്സരം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് സംഘം തോല്‍വി വഴങ്ങിയിരുന്നു.