മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (സിഎസ്‌കെ) നായക സ്ഥാനത്തേക്കുള്ള രണ്ടാം വരവ് തകര്‍പ്പന്‍ ജയത്തോടെയാണ് എംഎസ് ധോണിയും സംഘവും ആഘോഷിച്ചത്. രവീന്ദ്ര ജഡേജയിൽ നിന്നും ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 13 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്മാരുടെ മൂന്നാമത്തെ മാത്രം ജയമായിരുന്നുവിത്.
ഇപ്പോഴിതാ ജഡേജയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കാനുള്ള സാഹചര്യം വിശദീകരിച്ചിരിക്കുകയാണ് ധോണി. ഐപിഎല്ലിന്‍റെ 2022 സീസണിൽ ചെന്നൈയെ നയിക്കേണ്ടിവരുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ക്യാപ്റ്റൻസിയുടെ സമ്മർദം ജഡേജയുടെ വ്യക്തിഗത പ്രകടനത്തെപ്പോലും ബാധിച്ചിരുന്നതായും ധോണി വ്യക്തമാക്കി.
"കഴിഞ്ഞ സീസണിൽ തന്നെ താൻ ഈ വർഷം ക്യാപ്റ്റനാകുമെന്ന് ജഡേജയ്ക്ക് അറിയാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചു. അവന്‍ ടീമിനെ നയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഈ പരിവർത്തനം സംഭവിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നതും. ആദ്യ രണ്ട് മത്സരങ്ങളിൽ, ഞാൻ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പിന്നീടുള്ള തീരുമാനങ്ങള്‍ ജഡേജയ്ക്കുതന്നെ വിട്ടു'' - ധോണി പറഞ്ഞു.