മുംബൈ: നോ ബോള്‍ വിവാദത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ രൂക്ഷവിര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍. ഡല്‍ഹിയുടേത് മോശം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണെന്ന് അസറുദ്ദീന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അസറുദ്ദീന്‍ രംഗത്തെത്തിയത്.
''മോശം സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്‌ച വെച്ചത്. ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണ്. ഇത്തരം പെരുമാറ്റം തീര്‍ത്തും ഒരിക്കലും അംഗീകരിക്കാനാവില്ല'' അസറുദ്ദീന്‍ ട്വീറ്റ് ചെയ്‌തു.
രാജസ്ഥാനെതിരെ വെള്ളിയാഴ്‌ച നടന്ന മത്സരത്തിന്‍റെ 20ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ റിഷഭ് പന്ത് ഉള്‍പ്പെടെ ഡല്‍ഹി ക്യാമ്പിലെ മൂന്ന് പേര്‍ക്കെതിരെ ഐപിഎല്‍ അച്ചടക്ക സമിതി നടപടിയെടുത്തിരുന്നു. ഇതിനെ അനുകൂലിച്ചും അസറുദ്ദീന്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
''കളിയുടെ സ്പിരിറ്റ് ഉയർത്തിപ്പിടിക്കാൻ ബോർഡിന്‍റെ നല്ല തീരുമാനം. എല്ലാ സാഹചര്യങ്ങളിലും കളിയുടെ മാന്യത നിലനിർത്തുന്നത് വിലമതിക്കാനാവാത്തതാണ്. എന്നിരുന്നാലും, എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ അമ്പയര്‍മാര്‍ക്കെതിരെയും അന്വേഷണം വേണം.'' അസറുദ്ദീന്‍ പറഞ്ഞു.