മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യന്‍സ് സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം. വാങ്കഡെയില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് മുംബൈയും ഹൈദരാബാദും ഇറങ്ങുന്നത്.
കളിച്ച 12 മത്സരങ്ങളില്‍ അഞ്ച് ജയമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാമതുള്ളപ്പോള്‍, മൂന്ന് ജയം മാത്രമുള്ള മുംബൈ അവസാന സ്ഥാനത്താണ്. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവാസാനിച്ചിരുന്നെങ്കിലും, കണക്കില്‍ ഹൈദരാബാദിന് പ്രതീക്ഷയുടെ കണിക ബാക്കിയുണ്ട്.
മോശം തുടക്കത്തിന് ശേഷം തുടർച്ചയായ അഞ്ച് കളിയിൽ ജയിച്ച ഹൈദരാബാദിന് അവസാന അഞ്ച് കളിയിലും തോറ്റതാണ് വിനയായത്. ബാക്കി രണ്ടുകളിയും ജയിച്ചാലും ഹൈദരാബാദിന് പരമാവധി എത്താനാവുക 14 പോയിന്‍റാണ്. പ്ലേ ഓഫിന് കുറഞ്ഞത് 16 പോയിന്‍റെങ്കിലും വേണമെന്നിരിക്കെ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിച്ചാല്‍ മാത്രമേ സംഘത്തിന് മുന്നേറാനാവൂ.