കൊല്‍ക്കത്ത: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ തകര്‍പ്പന്‍ ജയം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലേക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ട എലിമിനേറ്ററില്‍ 14 റണ്‍സിനാണ് ബാംഗ്ലൂര്‍ ജയിച്ച് കയറിയത്. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ ലഖ്‌നൗവിന്‍റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു. 27ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സാണ് ബാംഗ്ലൂരിന്‍റെ എതിരാളി. മത്സരത്തില്‍ ജയിക്കുന്ന ടീമിന് ഫൈനലിലെത്താം. 58 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 79 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ.എല്‍ രാഹുലാണ് ലഖ്‌നൗവിന്‍റെ ടോപ് സ്‌കോറര്‍.
രാഹുലിന് പുറമെ 26 പന്തില്‍ നാലു സിക്‌സും ഒരു ഫോറുമടക്കം 45 റണ്‍സെടുത്ത ദീപക് ഹൂഡ മാത്രമാണ് ലക്‌നൗ നിരയില്‍ പൊരുതിയത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലിന്‍റെ പ്രകടനം ബാംഗ്ലൂരിന് നിര്‍ണായകമായി. ജോഷ് ഹേസല്‍വുഡ് മൂന്ന് വിക്കറ്റുകളും വീഴ്ത്തി.
ബാംഗ്ലുരിന്‍റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ തുടക്കം തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറില്‍ തന്നെ ക്വിന്‍റണ്‍ ഡി കോക്കും (6), പിന്നാലെ മനന്‍ വോറയും (19) മടങ്ങിയത് സംഘത്തെ പ്രതിരോധത്തിലാക്കി. നാലാമനായി ക്രീസിലെത്തിയ ദീപക് ഹൂഡയാണ് ലഖ്‌നൗവിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
രാഹുലിനൊപ്പം 96 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഹൂഡ ഉയര്‍ത്തിയത്. എന്നാല്‍ ഹൂഡയുടെ കുറ്റി തെറിപ്പിച്ച് വാനിന്ദു ഹസരങ്ക ബാംഗ്ലൂരിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ മാര്‍ക്കസ് സ്‌റ്റോയ്‌നിസിന് (9) നിരാശപ്പെടുത്തി. റണ്‍ റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ രാഹുലിനെയും, പിന്നാലെ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രുണാല്‍ പാണ്ഡ്യയേയും (0) ഹെയ്‌സല്‍വുഡ് മടക്കി. എവിന്‍ ലൂയിസ് (2), ദുഷ്‌മന്ത ചമീര (11) എന്നിവര്‍ പുറത്താവാതെ നിന്നു.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ രജത് പടിദാറിന്‍റെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പുറത്താവാതെ 54 പന്തിൽ 12 ഫോറുകളും ഏഴ് സിക്‌സുകളും സഹിതം 112 റണ്‍സാണ് പടിദാര്‍ അടിച്ചെടുത്തത്.
ആദ്യ ഓവറിൽ തന്നെ ബാംഗ്ലൂരിന് നായകൻ ഡു പ്ലെസിസിനെ (0) നഷ്‌ടമായി. തുടർന്നെത്തിയ രജത് പടിദാര്‍ തുടക്കം മുതൽക്കേ ആക്രമിച്ച് കളിച്ചപ്പോൾ വിരാട് കോലി പ്രതിരോധത്തിലൂന്നിയാണ് ബാറ്റ് വീശിയത്. ടീം സ്‌കോർ 70ൽ നിൽക്കെ വിരാട് കോലി (25) തിരിച്ച് കയറി. തൊട്ടുപിന്നാലെ തന്നെ ഗ്ലെൻ മാക്‌സ്‌വെല്ലും(9), മഹിപാൽ ലോംറോറും(14) മടങ്ങി.
എന്നാൽ തുടർന്നെത്തിയ ദിനേഷ് കാർത്തികിനൊപ്പം പടിദാര്‍ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേർന്ന് 92 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 23 പന്തില്‍ 37 റണ്‍സുമായി ദിനേഷ് കാർത്തികും പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാൻ, ക്രുണാൽ പണ്ഡ്യ, ആവേശ് ഖാൻ, രവി ബിഷ്‌ണോയ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.