മുംബൈ:ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന് ആറു വിക്കറ്റിന്‍റെ ജയം. കൈവിട്ടെന്ന് തോന്നിപ്പിച്ച കളി അവസാന ഓവറുകളിലെ അവിശ്വസനീയ ബാറ്റിംഗിലൂടെ ലഖ്‌നൗ തിരിച്ചുപിടിച്ചത്. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം ലൂയിസിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും യുവതാരം ആയുഷ് ബദോനിയുടെ മിന്നലടികളുടെയും കരുത്തിലാണ് 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയത്തിലെത്തിയത്. 23 പന്തില്‍ 55 റണ്‍സുമായി ലൂയിസും 9 പന്തില്‍ 19 റണ്‍സെടുത്ത ബദോനിയും പുറത്താകാതെ നിന്നു.
സീസണിൽ ലഖ്‌നൗവിന്‍റെ ആദ്യ ജയമാണിത്. ആദ്യ മത്സരത്തിൽ ഗുജറാത്തിനോട് അവർ പരാജയപ്പെട്ടിരുന്നു. അതേസമയം, ക്യാപ്റ്റനായി രവീന്ദ്ര ജഡേജയുടെയും ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണ് ഇത്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയോടും ചെന്നൈ പരാജയപ്പെട്ടിരുന്നു. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ ആദ്യ രണ്ടു മത്സരങ്ങളും തോൽക്കുന്നത്.
ചെന്നൈ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിനായി ഓപ്പണിംഗ് വിക്കറ്റില്‍ 10.2 ഓവറില്‍ 99 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും ക്വിന്‍റണ്‍ ഡീകോക്കും മികച്ച തുടക്കമാണ് നൽകിയത്. 26 പന്തില്‍ 40 റണ്‍സെടുത്ത രാഹുലിനെയും 45 പന്തില്‍ 61 റണ്‍സെടുത്ത ഡീകോക്കിനെയും പ്രിട്ടോറിയസ് മടക്കി. പിന്നാലെ അഞ്ച് റണ്‍സെടുത്ത മനീഷ് പാണ്ഡെയെ വീഴ്ത്തി തുഷാര്‍ ദേശ്‌പാണ്ഡെ ലഖ്‌നൗവിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയെങ്കിലും ആദ്യം ദീപക് ഹൂഡക്കൊപ്പവും(8 പന്തില്‍ 13) പിന്നീട് ആയുഷ് ബദോനിക്കൊപ്പവും ലൂയിസ് തകര്‍ത്തടിച്ചു.