മുംബൈ: ഐപിഎല്ലിന്‍റെ ഈ സീസണില്‍ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും തമ്മിലുള്ള പോരാട്ടം. ആദ്യം ബാറ്റ് ചെയ്‌ത് ലഖ്‌നൗ ഉയര്‍ത്തിയ 211 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് റണ്‍സ് അകലെയാണ് വീണത്. അവസാന ഓവറുകളില്‍ ആളിക്കത്തിയ റിങ്കു സിങ്ങിന്‍റെ പുറത്താവലാണ് കൊല്‍ക്കത്തയുടെ വിധി നിര്‍ണയിച്ചത്.
15 പന്തില്‍ 40 റണ്‍സെടുത്ത താരത്തെ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ എവിൻ ലൂയിസാണ് പുറത്താക്കിയത്. കൊല്‍ക്കത്തയുടെ ഇന്നിങ്സിന്‍റെ അവസാന ഓവറിന്‍റെ അഞ്ചാം പന്തിലാണ് ഈ തകർപ്പൻ ക്യാച്ച് പിറന്നത്. 21 റണ്‍സായിരുന്നു ഈ ഓവറില്‍ കൊല്‍ക്കത്തയുടെ വിജയത്തിനായി വേണ്ടിയിരുന്നത്.
മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ ഒവറിലെ ആദ്യ നാല് പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഒരു ഡബിളുമടക്കം 18 റൺസ് റിങ്കു അടിച്ചെടുത്തിരുന്നു. തുടര്‍ന്ന് അവസാന രണ്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു കൊല്‍ക്കത്തയ്‌ക്ക് വേണ്ടിയിരുന്നത്. നിര്‍ണായകമായ അഞ്ചാം പന്ത് ഒരല്‍പ്പം വേഗത കുറച്ചായിരുന്നു സ്റ്റോയിനിസ് എറിഞ്ഞത്.