മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തില്‍ തന്‍റെ ബൗളിങ് പ്രകടനത്തിന്‍റെ ക്രെഡിറ്റ് പരിശീലകന്‍ ലസിത് മലിംഗയ്‌ക്കുള്ളതാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ വെസ്‌റ്റ്‌ഇന്‍ഡീസ് താരം ഒബെദ് മക്കോയ്. മത്സരത്തില്‍ രാജസ്ഥാന്‍റെ വിജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു മക്കോയ്.
''മത്സരത്തില്‍ എന്‍റെ ലൈനും ലെങ്തും ഭേദപ്പെട്ടതായിരുന്നു. വളരെ കുറച്ച് വൈഡുകള്‍ മാത്രമാണ് എറിഞ്ഞത്. എല്ലാത്തിലും എനിക്ക് നിയന്ത്രണം ഉണ്ടായിരുന്നു. മലിംഗ എന്നെ നെറ്റ്‌സിൽ വളരെ അധികം സഹായിച്ചിട്ടുണ്ട്. സ്ഥിരത പുലർത്താനും അമിതമായി ചിന്തിക്കാതെ എന്‍റെ വേരിയഷനുകളും മിടുക്കും ഉപയോഗിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. '' മക്കോയ് പറഞ്ഞു.
മത്സരത്തില്‍ മിന്നുന്ന തുടക്കം ലഭിച്ച ചെന്നൈയെ മധ്യ ഓവറുകളിലാണ് മക്കോയ് ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ ബൗളര്‍മാര്‍ പിടിച്ച് കെട്ടിയത്. ഏഴോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്ന ചെന്നൈയെ അറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സിലൊതുക്കാന്‍ രാജസ്ഥാനായി. ഇതില്‍ നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മക്കോയും നിര്‍ണായ പങ്കുവഹിച്ചിരുന്നു.
also read: IPL 2022: ഫീല്‍ഡില്‍ ചരിത്രമെഴുതി റിയാന്‍ പരാഗ്; പഴങ്കഥയായത് ജഡേജയുടെ റെക്കോഡ്
ചെന്നൈയുടെ ടോപ് സ്‌കോറര്‍ മൊയന്‍ അലിയുടെ (57 പന്തില്‍ 93), നാരായണ്‍ ജഗദീശന്‍ എന്നിവരുടെ വിക്കറ്റുകളാണ് മക്കോയ് വീഴ്ത്തിയത്. അതേസമയം മത്സരം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന് ജയിച്ച രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19.4 ഓവറില്‍ 151 റണ്‍സ് നേടി.