പൂനെ:ഐപിഎല്ലില്‍ മുൻചാംമ്പ്യൻമാരുടെ പോരാട്ടത്തിൽ ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. അവസാന ഓവറിൽ തകർത്തടിച്ച കീറോണ്‍ പൊള്ളാര്‍ഡിന്‍റെ മികവിൽ മുംബൈ ഉയർത്തിയ 162 റൺസ് വിജയ ലക്ഷ്യം പാറ്റ് കമ്മിന്‍സിന്‍റെ തീപ്പൊരി ബാറ്റിങ്ങിലാണ് കൊൽക്കത്ത മറികടന്നത്. നാല് ഓവർ ബാക്കി നിൽക്കെ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിന് മറികടന്ന ശ്രേയസ് സംഘവും സീസണിലെ മൂന്നാം ജയമാണ് നേടിയത്.
ടോസ് നഷ്‌ടപ്പെട്ട ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തിലാണ് 161 റണ്‍സെടുത്തത്. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ കത്തിക്കയറിയ കീറോണ്‍ പൊള്ളാര്‍ഡുമാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. കൊല്‍ക്കത്തയ്ക്കായി പാറ്റ് കമ്മിന്‍സ് രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
162 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 83 റണ്‍സെടുക്കുന്നതിനിടെ നാല് മുന്‍നിര ബാറ്റര്‍മാര്‍ ക്രീസ് വിട്ടു. രഹാനെ (7), ശ്രേയസ് (10), സാം ബില്ലിങ്‌സ് (17), നിതീഷ് റാണ (8) എന്നിവര്‍ നിരാശപ്പെടുത്തി. ഇതോടെ കൊല്‍ക്കത്ത അപകടം മണത്തു. പിന്നാലെ വന്ന റസലിനും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.