കേരളം

kerala

ETV Bharat / sports

IPL 2022 | റസ്സലിന്‍റെ മികവില്‍ കൊല്‍ക്കത്ത ; ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി - സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ

IPL 2022  kolkata knight riders vs sunrisers hyderabad  IPL 2022 highlights  ഐപിഎല്‍ 2022  സണ്‍റൈസേഴ്‌സ് ഹൈദരാബാദ്  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
IPL 2022: റസ്സലിന്‍റെ മികവില്‍ കൊല്‍ക്കത്ത; ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി

By

Published : May 15, 2022, 7:36 AM IST

പൂനെ : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 54 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 177 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ആന്ദ്രേ റസ്സലിന്‍റെ ഓള്‍റൗണ്ട് പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് മികച്ച ജയമൊരുക്കിയത്. 28 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 43 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്‍റെ ടോപ് സ്‌കോറര്‍. 25 പന്തില്‍ നിന്ന് മൂന്ന് സിക്‌സുകള്‍ ഉള്‍പ്പടെ 32 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരു താരം.

ഇരുവര്‍ക്കും പുറമെ 12 പന്തില്‍ 11 റണ്‍സെടുത്ത ശശാങ്ക് സിങ് മാത്രമാണ് ഹൈദരാബാദ് നിരയില്‍ രണ്ടക്കം കണ്ടത്. ക്യാപ്‌റ്റൻ കെയ്ൻ വില്യംസൺ (9), രാഹുൽ ത്രിപാഠി (9), നിക്കോളാസ് പുരാൻ (2), വാഷിംഗ്‌ടൺ സുന്ദർ (4), മാർക്കോ ജാൻസൻ (1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഭുവനേശ്വർ കുമാർ (6) ഉമ്രാന്‍ മാലിക് (3) എന്നിവര്‍ പുറത്താവാതെ നിന്നു.

കൊല്‍ക്കത്തയ്‌ക്കായി റസ്സല്‍ നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നും, 23 റണ്‍സ് മാത്രം വഴങ്ങി ടിം സൗത്തി രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി. ഉമേഷ് യാദവ്, സുനില്‍ നരെയ്‌ന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

നേരത്തെ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. 28 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ആന്ദ്രെ റസ്സൽ, സാം ബില്ലിങ്സ് (29 പന്തിൽ 34) എന്നിവരുടെ മികവിലാണ് കൊൽക്കത്ത 177 റണ്‍സിലെത്തിയത്. അജിങ്ക്യ രഹാനെ (24 പന്തില്‍ 28), നിതീഷ് റാണ (16 പന്തില്‍ 26) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

വെങ്കടേഷ് അയ്യര്‍ (7), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (15), റിങ്കു സിങ് (5) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഹൈദരാബാദിനായി ഉമ്രാന്‍ മാലിക്ക് നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സണ്‍, നടരാജന്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

മത്സരത്തിലെ തോല്‍വി ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. 12 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം മാത്രമുള്ള സംഘം നിലവിലെ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. മറുവശത്ത് ഒരു മത്സരം മാത്രം ശേഷിക്കുന്ന കൊല്‍ക്കത്തയുടെ നിലയും സുരക്ഷിതമല്ല. 13 മത്സരങ്ങളില്‍ ആറ് വിജയം മാത്രമുള്ള സംഘം പോയിന്‍റ് പട്ടികയില്‍ ആറാമതുണ്ട്.

ABOUT THE AUTHOR

...view details