മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പോരാട്ടം. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ബാംഗ്ലൂരും ജയം തുടരാന്‍ കൊല്‍ക്കത്തയും പോരടിക്കുമ്പോള്‍ ഗ്രൗണ്ടില്‍ തീപാറുന്നതാവും.
കൊല്‍ക്കത്ത സന്തുലിതം: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. അജിന്‍ക്യ രഹാനെ, ഉമേഷ് യാദവ് എന്നിവരുടെ മികവില്‍ അറ് വിക്കറ്റിന്‍റെ ജയമാണ് ആദ്യമത്സരത്തില്‍ കൊല്‍ക്കത്ത നേടിയത്. ശ്രേയസ് അയ്യര്‍ക്ക് കീഴിലിറങ്ങുന്ന സംഘം ഏറെക്കുറെ സന്തുലിതമാണ്.
മികച്ച ഫോം പുലര്‍ത്തുന്ന ശ്രേയസിനൊപ്പം വെങ്കടേഷ് അയ്യർ, സാം ബില്ലിങ്സ്, ആന്ദ്രേ റസൽ, സുനിൽ നരയ്ൻ, വരുൺ ചക്രവർത്തി, അജിങ്ക്യ രഹാനെ, നിതീഷ് റാണ, ഉമേഷ് യാദവ് തുടങ്ങിയവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ.
അടിവാങ്ങാതിരിക്കണം ബാംഗ്ലൂര്‍ ബൗളര്‍മാര്‍:ബാറ്റര്‍മാര്‍ തിളങ്ങിയപ്പോള്‍ പഞ്ചാബിനെതിരെ ബോളിങ്ങിലാണ് ബാംഗ്ലൂരിന് പിഴച്ചത്. ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസ്, വിരാട് കോലി, ദിനേശ് കാർത്തിക്, അനുരാജ് റാവത്ത് എന്നിവരുടെ ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നതാണ്. ബൗളിങ് യൂണിറ്റില്‍ മുഹമ്മദ് സിറാജ്, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മികവ് കാണിക്കേണ്ടതുണ്ട്.