മുംബൈ : ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. സീസണില്‍ തങ്ങളുടെ 11ാം മത്സരത്തിന് മുംബൈയിറങ്ങുമ്പോള്‍ കൊല്‍ക്കത്തയ്‌ക്കിത് 12ാം മത്സരമാണ്.
കളിച്ച 11 മത്സരങ്ങളില്‍ നാല് ജയമുള്ള കൊല്‍ക്കത്ത നിലവിലെ പോയിന്‍റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തും, 10ല്‍ രണ്ട് ജയം മാത്രമുള്ള മുംബൈ അവസാന സ്ഥാനത്തുമാണ്. അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇതിനകം പ്ലേഓഫ് കാണില്ലെന്ന് ഉറപ്പിച്ച മുംബൈയെത്തുന്നത്.
എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോട് തോല്‍വി വഴങ്ങിയാണ് കൊല്‍ക്കത്തയുടെ വരവ്. സീസണിലെ ആദ്യ മത്സരത്തില്‍ നാല് ഓവർ ബാക്കി നിൽക്കെ മുംബൈയെ അഞ്ച് വിക്കറ്റിന് മറികടന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്.
ഒരുപിടി മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരതയില്ലായ്‌മയാണ് ഇരു ടീമുകള്‍ക്കും തലവേദന. ആരോണ്‍ ഫിഞ്ച്, നായകൻ ശ്രേയസ് അയ്യര്‍, ആന്ദ്രേ റസല്‍, നിതീഷ് റാണ, ഉമേഷ് യാദവ്, ടിം സൗത്തി, സുനില്‍ നരെയ്‌ന്‍ എന്നിവരുടെ പ്രകടനം കൊല്‍ക്കത്തയ്‌ക്ക് നിര്‍ണായകമാവും.
മറുവശത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ താളം കണ്ടെത്തിയത് മുംബൈക്ക് ആശ്വാസമാണ്. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ടിം ഡേവിഡ്, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ മിന്നിയാല്‍ മുംബൈ അപകടകാരികളാവും. ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഫോം ടീമിന് ആശങ്കയാണ്.
also read: IPL 2022 | നേരത്തേ ജയിച്ച് തുടങ്ങിയിരുന്നെങ്കില്‍ നന്നായിരുന്നു : ധോണി
നേരത്തെ ഇരു സംഘവും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുംബൈക്ക് വ്യക്തമായ ആധിപത്യമുണ്ട്. 30 തവണയാണ് നേരത്തെ മുംബൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 22 തവണ മുംബൈ ജയിച്ചപ്പോള്‍ എട്ട് തവണയാണ് കൊല്‍ക്കത്തയ്‌ക്ക് ജയിക്കാനായത്.