പൂനെ : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിന് 75 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
ജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്താനും ലഖ്‌നൗവിന് കഴിഞ്ഞു. 19 പന്തില്‍ 45 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. റസ്സലിന് പുറമെ സുനിൽ നരെയ്‌ൻ (12 പന്തിൽ 22), ആരോൺ ഫിഞ്ച് (14 പന്തിൽ 14) എന്നിവര്‍ മാത്രമേ കൊൽക്കത്ത നിരയിൽ രണ്ടക്കം കടന്നുള്ളൂ. ബാബ ഇന്ദ്രജിത്ത് (0), ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (6), നിതീഷ് റാണ (2), റിങ്കു സിങ് (6), അനുകുല്‍ റോയ് (0), ടിം സൗത്തി (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ശിവം മാവി (1) പുറത്താവാതെ നിന്നു.
ലഖ്‌നൗവിനായി മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാന്‍ തിളങ്ങി. ജേസണ്‍ ഹോള്‍ഡര്‍ 2.3 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി. മൊഹ്‌സിന്‍ ഖാന്‍ മൂന്ന് ഓവറില്‍ ആറ് റണ്‍സും, ദുഷ്‌മന്ത് ചമീര 14 റണ്‍സും വിട്ടുകൊടുത്ത് ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി. മൂന്ന് ഓവറില്‍ 30 റണ്‍സ് വഴങ്ങിയ രവി ബിഷ്‌ണോയിക്കും ഒരു വിക്കറ്റുണ്ട്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിനെ അർധ സെഞ്ച്വറി നേടിയ ഓപ്പണർ ക്വിന്‍റ്ണ്‍ ഡി കോക്കും (29 പന്തില്‍ 50), 27 പന്തില്‍ 41 റണ്‍സ് നേടിയ ദീപക് ഹൂഡയുമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിനെ (0) സംഘത്തിന് നഷ്ടമായി. പിന്നാലെയെത്തിയ ദീപക് ഹൂഡയും ഡികോക്കും ചേർന്ന് രണ്ടാം വിക്കറ്റില്‍ 71 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.