ന്യൂഡല്‍ഹി:ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. മാർച്ച് 26 മുതല്‍ മെയ് 29 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. പ്രാരംഭ മത്സരങ്ങൾക്കായി 25 ശതമാനം കാണികളെ അനുവദിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
മഹാരാഷ്‌ട്ര സര്‍ക്കാറുമായി കൂടിയാലോചിച്ചതിന് ശേഷമാവും കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. 10 ടീമുകൾ ഉൾപ്പടുന്ന ടൂർണമെന്‍റിൽ 70 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉൾപ്പടെ ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. മുംബൈ, പൂനെ എന്നിവിടങ്ങളിലെ നാല് വേദികളിലാണ് മത്സരം നടക്കുക. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലുമാകും നടത്തുക.