പൂനെ : മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ മിന്നുന്ന പ്രകടനമാണ് പഞ്ചാബ് കിങ്സിനായി ഒഡീന്‍ സ്‌മിത്ത് നടത്തിയത്. അവസാന ഓവറിലെ മൂന്ന് വിക്കറ്റടക്കം നിര്‍ണായകമായ നാല് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ഇതോടെ 22 റണ്ണിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ പഞ്ചാബിനായി.
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ദുരന്ത നായകനായതിന് പിന്നാലെയാണ് സ്‌മിത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഗുജറാത്തിനെതിരെ വിജയത്തിലേക്കെന്ന് തോന്നിച്ച മത്സരത്തില്‍ അവസാന രണ്ട് പന്തില്‍ ഒഡീന്‍ സ്‌മിത്ത് 12 റണ്‍സ് വഴങ്ങിയതോടെയാണ് പഞ്ചാബ് തോറ്റത്. ഇപ്പോഴിതാ തന്‍റെ മികച്ച തിരിച്ച് വരവിന്‍റെ കാരണം വെളിപ്പെടുത്തിയിരിക്കുയാണ് താരം.
പ്രതിസന്ധി ഘട്ടത്തില്‍ താന്‍ സ്വയം പിന്തുണയ്‌ക്കുകയായിരുന്നുവെന്നാണ് മത്സരത്തിന് ശേഷം സ്‌മിത്ത് പറഞ്ഞത്. "ഇതൊരു യാദൃശ്ചികതയാണെന്ന് ഞാൻ കരുതി, അന്നും ഞാന്‍ (ഗുജറാത്ത് ടൈറ്റൻസിനെതിരെ) ഇതേ അവസ്ഥയിലായിരുന്നു. പക്ഷേ ഇന്ന് രാത്രി ഞാൻ സ്വയം പിന്തുണച്ചു." സ്‌മിത്ത് പറഞ്ഞു.
also read: എഎഫ്‌സി ചാമ്പ്യൻസ് ലീഗ്: രണ്ടാം ജയം തേടി മുംബൈ സിറ്റി; എതിരാളികൾ അൽ ജസീറ
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സ് നേടാനാണ് സാധിച്ചത്. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനുമാണ് പഞ്ചാബിന്‍റെ ഇന്നിങ്സിന്‍റെ നെടുന്തൂണായത്.