മുംബൈ : സഞ്‌ജു സാംസണിന്‍റെ ക്യാപ്റ്റന്‍സിയില്‍ തങ്ങള്‍ ആസ്വദിച്ചാണ് കളിക്കുന്നതെന്ന് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് ഓപ്പണര്‍ ജോസ് ബട്‌ലര്‍. തങ്ങൾ ഒരുമിച്ചതുമുതൽ ഒരു കളിക്കാരനെന്ന നിലയിൽ സഞ്‌ജു കൂടുതല്‍ പക്വത പ്രാപിച്ചതായി ബട്‌ലര്‍ പറഞ്ഞു. ക്യാപ്റ്റനായതിന് ശേഷം സഞ്‌ജുവിന് വലിയ മാറ്റങ്ങളുണ്ടായിട്ടില്ല.
ഏതൊരു ക്യാപ്റ്റനും ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണിതെന്നും ബട്‌ലര്‍ വ്യക്തമാക്കി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായി ചൊവ്വാഴ്‌ച നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലാണ് ബട്‌ലര്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ സീസണ്‍ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ച രാജസ്ഥാന്‍ സഞ്‌ജുവിന് കീഴില്‍ ഇക്കുറി മികച്ച പ്രകടനമാണ് നടത്തുന്നത്. നിലവില്‍ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച സംഘം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഹൈദരാബാദിനേയും രണ്ടാം മത്സരത്തില്‍ കരുത്തരായ മുംബൈയെയുമാണ് രാജസ്ഥാന്‍ കീഴടക്കിയത്.