തിരുവനന്തപുരം: ഐപിഎല്‍ ഫൈനലിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ സഞ്ജു സാംസണും വിജയാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. ട്വിറ്ററിലൂടെയാണ് രാജസ്ഥാനും മലയാളി ക്യാപ്റ്റന്‍ സഞ്‌ജുവിനും ആശംസകള്‍ നേര്‍ന്ന് ഐഎം വിജയന്‍ രംഗത്തെത്തിയത്. 'ഐപിഎല്‍ ഫൈനലിന് ടീം രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ സഞ്ജു സാംസണും വിജയാശംസകള്‍, തകര്‍ത്തിട്ടു വാടാ..' ഐഎം വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.
ഐപിഎല്ലിന്‍റെ കലാശപ്പോരില്‍ സഞ്ജു സാംസണിന്‍റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികള്‍. 14 വർഷത്തിന് ശേഷമാണ് രാജസ്ഥാന്‍ ഐപിഎൽ ഫൈനൽ കാണുന്നത്. 2008ൽ ഷെയ്ൻ വോണിന് കീഴില്‍ രാജസ്ഥാന്‍ ആദ്യ കിരീടം നേടുമ്പോള്‍, ടീമിന്‍റെ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു. അതേസമയം ആദ്യ ഫൈനലിനാണ് ഗുജറാത്തിറങ്ങുന്നത്.
അതേസമയം സഞ്ജു സാംസണെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ സഞ്‌ജുവിന് നേരെയുള്ള സച്ചിന്‍റെ വിമര്‍ശനം അനുചിതമാണെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.