പൂനെ: ഐപിഎല്ലിൽ മാന്യമല്ലാത്ത രീതിയില്‍ പെരുമാറിയ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ പേസര്‍ ഹർഷൽ പട്ടേലിന് വിമർശനം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനിടെയാണ് ഹര്‍ഷല്‍ പരിധി വിട്ടത്. മത്സരത്തില്‍ രാജസ്ഥാൻ 29 റൺസിന് ജയിച്ചിരുന്നു.
ബാറ്റർമാരുടെ കൂട്ടത്തകര്‍ച്ചയ്‌ക്കിടെ അര്‍ധ സെഞ്ചുറി നേടിയ 20 വയസുകാരന്‍ റിയാന്‍ പരാഗായിരുന്നു രാജസ്ഥാന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. മത്സര ശേഷം പരാഗിന് ഹസ്തദാനം നല്‍കാന്‍ പോലും ഹര്‍ഷല്‍ തയ്യാറായില്ല. നേരത്തെ രാജസ്ഥാന്‍ ഇന്നിങ്സ് അവസാനിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ ഉരസിയിരുന്നു.
ഹര്‍ഷല്‍ എറിഞ്ഞ 20ാം ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റൺസാണ് പരാഗ് അടിച്ചെടുത്തത്. ഇതിന് പിന്നാലെ താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങവേയാണ് ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടത്. തുടര്‍ന്ന് രാജസ്ഥാൻ ഡഗൗട്ടിലെ ഒരംഗം എത്തിയാണ് ഇരുവരേയും പിന്തിരിപ്പിച്ചത്.
മറുപടിക്കിറങ്ങിയ ബാംഗ്ലൂർ നിരയില്‍ ഏറ്റവും ഒടുവിലായി പുറത്തായത് ഹർഷലായിരുന്നു. മത്സരശേഷം രണ്ട് ടീമിലേയും താരങ്ങള്‍ പരസ്പരം കൈകൊടുത്ത് പിരിയുന്നതിനിടെ, പരാഗ് ഹർഷലിന് നേരേയും കൈ നീട്ടി. എന്നാല്‍ ഹസ്തദാനത്തിന് തയാറാകാതെ ഹർഷൽ നടന്നകന്നു.
ഹര്‍ഷലിന്‍റെ പെരുമാറ്റത്തില്‍ പരാഗ് അമ്പരപ്പ് പ്രകടിപ്പിക്കുകയും ചെയ്‌തു. ഇതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്തായാലും ബാംഗ്ലൂര്‍ പേസറുടേത് ക്രിക്കറ്റിന്‍റെ മാന്യതയ്‌ക്ക് ചേര്‍ന്നതല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.