അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ഫീല്‍ഡ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരുമാറ്റവുമായാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്.
അൽസാരി ജോസഫിന് പകരം ലോക്കി ഫെർഗൂസണാണ് ടീമില്‍ ഇടം പിടിച്ചത്. രാജസ്ഥാന്‍ നിരയില്‍ മാറ്റങ്ങളില്ല. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാനെ തോല്‍പ്പിച്ചാണ് ഗുജറാത്തിന്‍റെ ഫൈനല്‍ പ്രവേശനം. രണ്ടാം ക്വാളിഫയറില്‍ എലിമിനേറ്റര്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കീഴടക്കിയാണ് രാജസ്ഥാന്‍ ഫൈനലിനെത്തുന്നത്.
14 വർഷത്തിന് ശേഷമാണ് രാജസ്ഥാന്‍ ഐപിഎൽ ഫൈനൽ കാണുന്നത്. 2008ൽ ഷെയ്ൻ വോണിന് കീഴില്‍ രാജസ്ഥാന്‍ ആദ്യ കിരീടം നേടുമ്പോള്‍, ടീമിന്‍റെ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു. അതേസമയം സീസണില്‍ കന്നിക്കാരായ ഗുജറാത്തിറന്‍റെ ആദ്യ ഫൈനലാണിത്.
ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്, മികച്ച പ്രകടനമാണ് സീസണിൽ നടത്തിയത്. ചെന്നൈ സൂപ്പർ കിങ്ങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് പിന്നാലെ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ എത്തുന്ന ടീമാണ് ഗുജറാത്ത്. ഇന്ന് ജയിച്ചാൽ അരങ്ങേറ്റ സീസണില്‍ ജയമെന്ന രാജസ്ഥാന്‍റെ റെക്കോഡിനൊപ്പം ഇവർക്കും എത്താം.