അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 131 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് 130 റണ്‍സെടുത്തത്. 35 പന്തില്‍ 39 റണ്‍സെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍.
ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ രാജസ്ഥാന് 16 പന്തില്‍ 22 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. ടീം ടോട്ടല്‍ 31 റണ്‍സില്‍ നില്‍ക്കെ നാലാം ഓവറിലെ അവസാന പന്തില്‍ യാഷ് ദയാലിന്‍റെ പന്തില്‍ സായ് കിഷോറിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.
മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസൺ (11 പന്തില്‍ 14) അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ സായ് കിഷോര്‍ പിടികൂടിയാണ് സഞ്‌ജു മടങ്ങിയത്. തുടര്‍ന്നെത്തിയ ദേവ് ദത്ത് പടിക്കല്‍ റണ്‍സ് കണ്ടെത്താന്‍ പ്രയാസപ്പെട്ടു. 10 പന്തില്‍ 2 റണ്‍സ് മാത്രമെടുത്ത ദേവ്‌ദത്തിനെ റാഷിദ് ഖാന്‍ മുഹമ്മദ് ഷമിയുടെ കയ്യിലെത്തിച്ചു.
തൊട്ടടുത്ത ഓവറില്‍ ജോസ് ബട്‌ലറും പുറത്തായതോടെ രാജസ്ഥാന്‍ പ്രതിരോധത്തിലായി. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ ( 12 പന്തില്‍ 11), ആര്‍ അശ്വിന്‍ (9 പന്തില്‍ 6), റിയാന്‍ പരാഗ് (15 പന്തില്‍ 15), ട്രെന്‍റ് ബോള്‍ട്ട് (7 പന്തില്‍ 11), മക്കോയ് (5 പന്തില്‍ 8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ഗുജറാത്തിനായി ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്നുവിക്കറ്റുകള്‍ വീഴ്‌ത്തി. സായ് കിഷോര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ യാഷ് ദയാല്‍, മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.