മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഒമ്പത് വിക്കറ്റിന്‍റെ മിന്നുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബ് ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം 10.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തിയാണ് ഡല്‍ഹി മറികടന്നത്.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്നാണ് ഡല്‍ഹിക്ക് അനായാസ വിജയം നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 6.3 ഓവറില്‍ 83 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്ക് ചേര്‍ത്ത്. 30 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെ നിന്ന ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
20 പന്തില്‍ 41 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്‌ടമായത്. രാഹുല്‍ ചഹാറാണ് ഷായെ പുറത്താക്കിയത്. 13 പന്തില്‍ 12 റണ്‍സുമായി സര്‍ഫറാസ് ഖാനും പുറത്താവാതെ നിന്നു. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ ഡല്‍ഹി ബൗളര്‍മാര്‍ എറിഞ്ഞൊതുക്കുകയായിരുന്നു.