മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ഡല്‍ഹി ക്യപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിനെ പിന്തുണച്ച് പരിശീലകൻ റിക്കി പോണ്ടിങ്. സീസണില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോല്‍വി വഴങ്ങിയാണ് ഡല്‍ഹി പുറത്തായത്. മത്സരത്തില്‍ പന്ത് വരുത്തിയ തന്ത്രപരമായ പിഴവാണ് ഡല്‍ഹിയുടെ തോല്‍വിക്ക് പ്രധാന കാരണം.
ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 14.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിൽ സമ്മര്‍ദത്തിലായിരുന്നു. അഞ്ചാമനായി ടിം ഡേവിഡാണ് ക്രീസിലെത്തിയത്. ആദ്യ പന്തില്‍ തന്നെ ക്യാച്ചായി താരം പുറത്താവേണ്ടതായിരുന്നു.
ഓൺഫീൽഡ് അമ്പയർ ഔട്ട് നൽകാതിരുന്നതോടെ ഡിആർഎസ് എടുക്കാന്‍ റിഷഭ് പന്ത് വിസമ്മതിക്കുകയായിരുന്നു. അവസരം മുതലാക്കിയ ഡേവിഡ് 11 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത് ഒരു ഘട്ടത്തില്‍ കൈവിട്ടെന്നു കരുതിയ മത്സരം മുംബൈക്ക് അനുകൂലമാക്കുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് പന്തിനെ പിന്തുണച്ച് പോണ്ടിങ് രംഗത്തെത്തിയത്.
ടീമിന്‍റെ നായകനെന്ന നിലയില്‍ റിഷഭ് പന്ത് ശരിയായ തിരഞ്ഞെടുപ്പാണെന്ന് പോണ്ടിങ് പറഞ്ഞു. "തീർച്ചയായും, കഴിഞ്ഞ സീസണിൽ പോലും റിഷഭ് പന്ത് നായകനെന്ന നിലയില്‍ ശരിയായ തിരഞ്ഞെടുപ്പാണെന്ന കാര്യത്തില്‍ എന്‍റെ മനസിൽ സംശയമില്ല. തോളിന് പരിക്കേറ്റ ശ്രേയസിൽ നിന്ന് ചുമതലയേറ്റതിന് ശേഷം റിഷഭ് ടീമിനൊപ്പം മികച്ച പ്രകടനം കാഴ്ചവച്ചു.
അവൻ ഒരു യുവതാരമാണ്. ഇപ്പോഴും ക്യാപ്റ്റൻസി പഠിക്കുകയാണ്. ഒരു ടി20 ടീമിന്‍റെ, പ്രത്യേകിച്ച് ഉയർന്ന സമ്മർദമുള്ള ടൂർണമെന്‍റായ ഐപിഎല്ലിൽ ക്യാപ്റ്റനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. നിർഭാഗ്യവശാൽ, നിങ്ങൾ ചെയ്യുന്ന ഓരോ കാര്യവും സൂക്ഷ്മമായി പരിശോധിക്കപ്പെടും. തീർച്ചയായും അവന് എന്‍റെ പൂർണ്ണ പിന്തുണയുണ്ട്." പോണ്ടിങ് പറഞ്ഞു.
മത്സരം കൈവിട്ടുപോകുന്നതില്‍ വിഷമം തോന്നിയെങ്കിലും തോൽവിക്ക് പന്തിനെ കുറ്റപ്പെടുത്തുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു. തോല്‍വിക്ക് ഒരു കാരണത്തില്‍ മാത്രം വിരല്‍ ചൂണ്ടാനാവില്ല. ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടു. ഇത്തരം മത്സരങ്ങളില്‍ നിന്നും കളിക്കാര്‍ പഠിക്കേണ്ടതുണ്ടെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.
പന്ത് നിലവാരമുള്ള നായകന്‍: മത്സരത്തിന് പിന്നാലെ പന്തിന് പിന്തുണച്ച് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് മൈതാനത്ത് ഇത്തരം പിഴവുകൾ സംഭവിക്കുന്നുണ്ടെന്നും അനുഭവത്തിൽ നിന്ന് പന്ത് കൂടുതൽ ശക്തനാകുമെന്നും രോഹിത് പറഞ്ഞു. ഒരു നിലവാരമുള്ള ക്യാപ്റ്റനാണ് താനെന്ന് കഴിഞ്ഞ സീസണിൽ തന്നെ പന്ത് കാട്ടി തന്നിട്ടുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.