മുംബൈ: ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റാണ് ഡല്‍ഹി ക്യപിറ്റല്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായത്. മത്സരത്തില്‍ നായകന്‍ റിഷഭ് പന്ത് വരുത്തിയ തന്ത്രപരമായ പിഴവാണ് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമെന്ന് വിമര്‍ശനങ്ങളുണ്ട്. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ മുംബൈ ബാറ്റര്‍ ടിം ഡേവിഡിനെതിരെ ഡിആര്‍എസ് എടുക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പലരും പന്തിനെ പഴിക്കുന്നത്.
ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 14.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എന്ന നിലയിൽ സമ്മര്‍ദത്തിലായിരുന്നു. അഞ്ചാമനായി ടിം ഡേവിഡാണ് ക്രീസിലെത്തിയത്. ആദ്യ പന്തില്‍ തന്നെ ക്യാച്ചായി താരം പുറത്താവേണ്ടതായിരുന്നു. ഡേവിഡിന്‍റെ ബാറ്റിലുരസിയ പന്ത് പിടിച്ച റിഷഭ് അപ്പീല്‍ ചെയ്തെങ്കിലും ഓൺഫീൽഡ് അമ്പയർ ഔട്ട് വിധിച്ചില്ല.
രണ്ട് റിവ്യൂ ബാക്കിയുണ്ടായിട്ടും പന്ത് ഡിആര്‍എസ് എടുക്കാന്‍ വിസമ്മതിക്കുകയും ചെയ്‌തു. എന്നാല്‍ അവസരം മുതലാക്കിയ ഡേവിഡ് 11 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത് ഒരു ഘട്ടത്തില്‍ കൈവിട്ടെന്നു കരുതിയ മത്സരം മുംബൈക്ക് അനുകൂലമാക്കി. റീപ്ലേകളില്‍ പന്ത് ഡേവിഡിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നു.
ഇപ്പോഴിതാ നിര്‍ണായ വിക്കറ്റായിരുന്നിട്ടും ഡേവിഡിനെതിരെ എന്തുകൊണ്ടാണ് ഡിആര്‍എസ് എടുക്കാതിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ''ഡേവിഡിന്‍റെ ബാറ്റില്‍ പന്ത് തട്ടിയോ എന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കിളിലുണ്ടായിരുന്ന ആര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉറപ്പില്ലായിരുന്നു. മുന്നോട്ടു പോകണോയെന്ന് ചോദിച്ചപ്പോള്‍ അവര്‍ക്കും അത്ര വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ റിവ്യു വേണ്ടെന്ന് വെച്ചു'' പന്ത് പറഞ്ഞു.
അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഡല്‍ഹി മുംബൈയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ മുംബൈ 19.1 ഓവറില്‍ 160 റണ്‍സെടുത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു.
also read: IPL 2022: 'ബ്ലണ്ടേഴ്‌സ് ഓഫ് പന്തിന് പിന്തുണ', അവൻ ശരിയായ നായകൻ തന്നെയെന്ന് പോണ്ടിങ്
തോല്‍വിയോടെ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയപ്പോള്‍ 7 ജയത്തോടെ 14 പോയിന്‍റാണ് ഡല്‍ഹിക്ക് നേടാനായത്. ഇതോടെയാണ് എട്ട് ജയങ്ങളുള്ള ബാംഗ്ലൂര്‍ പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്‌തു. മത്സരത്തില്‍ ജയിക്കാനായിരുന്നെങ്കില്‍ പോയിന്‍റ് നില തുല്ല്യമാണെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിക്ക് പ്ലേ ഓഫിലെത്താമായിരുന്നു.