മുംബൈ : ടൈഫോയ്‌ഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡൽഹി ക്യാപിറ്റൽസ് ബാറ്റര്‍ പൃഥ്വി ഷാ ആശുപത്രി വിട്ടു. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടീം ഹോട്ടലിലേക്കാണ് പൃഥ്വി ഷാ മടങ്ങിയത്.
സുഖം പ്രാപിച്ച് വരുന്ന താരം തങ്ങളുടെ മെഡില്‍ക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്ന് ഫ്രാഞ്ചൈസി വ്യക്തമാക്കി. കടുത്ത പനിയെത്തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പൃഥ്വിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരം തന്നെയാണ് തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ഇക്കാര്യം അറിയിച്ചത്.
ഉടന്‍ കളിക്കളത്തിലേക്ക് തിരികെ എത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും പൃഥ്വി പങ്കുവച്ചിരുന്നു. എന്നാല്‍ മെയ് 11നാണ് പൃഥ്വി ഷായ്‌ക്ക് ടൈഫോയ്‌ഡ് ബാധിച്ചുവെന്ന് ഡല്‍ഹി ക്യാപ്റ്റന്‍ റിഷഭ് പന്ത് അറിയിച്ചത്. സീസണില്‍ ഡല്‍ഹിക്കായി ഒമ്പത് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്. രണ്ട് അർധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 28.78 ശരാശരിയിൽ 259 റൺസാണ് താരത്തിന്‍റെ സമ്പാദ്യം.
also read: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്ര്യൂ സൈമണ്ട്‌സ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു
അതേസമയം സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ഡല്‍ഹി ആറ് വിജയങ്ങളോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ സംഘത്തിന് പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. തിങ്കളാഴ്‌ച നടക്കുന്ന അടുത്ത മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ഡല്‍ഹിയുടെ എതിരാളി.