അഹമ്മദാബാദ്:നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റെക്കോഡ് കാണികള്‍ക്ക് നടുവിലാണ് രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഐപിഎൽ ഫൈനൽ അരങ്ങേറിയത്. കളിക്കളത്തിലെ വാശിയേറിയ പോരാട്ടത്തിനപ്പുറം ഗ്യാലറിയില്‍ ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടം കൂടിയാണ് ക്രിക്കറ്റന്‍റെ സൗന്ദര്യം. ഇപ്പോഴിതാ രാജസ്ഥാന്‍റെ പിങ്ക് ജേഴ്‌സിയിലെത്തിയ ഒരു ക്രിക്കറ്റ് ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
സ്വന്തം ടീം പങ്കെടുക്കുന്ന ടൂർണമെന്‍റില്‍ തന്‍റെ മുൻ ടീമിനെ പിന്തുണയ്ക്കാനെത്തിയ ഒരു ക്രിക്കറ്റ് താരമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ഡൽഹി ക്യാപിറ്റൽസിന്‍റെ ഇടങ്കയ്യന്‍ പേസർ ചേതൻ സക്കറിയയാണ് ഈ കഥയിലെ നായകന്‍. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ ജേഴ്‌സിയില്‍ തിളങ്ങിയ സക്കറിയയെ മെഗാ ലേലത്തില്‍ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു.
4.20 കോടി രൂപയ്ക്കാണ് സക്കറിയയെ ഡല്‍ഹി ടീമിലെത്തിച്ചത്. താരത്തിനായി രാജസ്ഥാനും ശ്രമം നടത്തിയിരുന്നുവെങ്കിലും തുക ഉയര്‍ന്നതോടെ പിന്‍മാറുകയായിരുന്നു. എന്നാല്‍ ഖലീല്‍ അഹമ്മദ്, ശാര്‍ദൂല്‍ താക്കൂര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഡല്‍ഹിയില്‍ സക്കറിയയ്‌ക്ക് കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. സീസണില്‍ പ്ലേ ഓഫിലെത്താന്‍ കഴിയാതെ ഡല്‍ഹി പുറത്താവുകയും ചെയ്‌തു.
also read: അന്ന് 'അഹങ്കാരി'യെന്ന് മുദ്രകുത്തി തഴഞ്ഞു ; ഒടുക്കം ഐപിഎല്‍ കപ്പുയര്‍ത്തി കൈയടിപ്പിച്ച് ഹാര്‍ദിക്
രാജസ്ഥാനായി കളിക്കുന്ന സമയത്ത് മാർവെൽ സൂപ്പർ ഹീറോ സീരിസിലെ ‘വക്കാൻഡാ ഫോറെവെർ’ മാതൃകയിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച താരം ശ്രദ്ധ നേടിയിരുന്നു. സക്കറിയയുടേത് ക്രിക്കറ്റിനോടുള്ള അഭിനിവേശവും പഴയ ടീമിനോടുള്ള കൂറുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം.