മുംബൈ: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19.4 ഓവറില്‍ 151 റണ്‍സ് നേടി.
അര്‍ധ സെഞ്ചുറി നേടിയ ഒപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. 44 പന്തില്‍ 59 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത ആര്‍ അശ്വിനും രാജസ്ഥാന്‍റെ ജയത്തില്‍ നിര്‍ണായകമായി. ജോസ് ബട്‌ലര്‍ (2), സഞ്ജു സാംസണ്‍ (15), ദേവ്‌ദത്ത് പടിക്കല്‍ (3), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (6), റിയന്‍ പരാഗ് (10*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.
ചെന്നൈക്കായി പ്രശാന്ത് സോളങ്കി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. സിമര്‍ജീത് സിങ്, മിച്ചല്‍ സാന്‍റ്നർ, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 93 റണ്‍സ് നേടിയ അലിക്ക് പുറമെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ തിളങ്ങാനായില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഋതുരാജിനെ സംഘത്തിന് നഷ്‌ടമായിരുന്നു.