കേരളം

kerala

ETV Bharat / sports

IPL 2022 | കൊല്‍ക്കത്തയ്‌ക്ക് വിജയത്തുടക്കം ; നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ തോല്‍പ്പിച്ചത് 6 വിക്കറ്റിന് - ഐപിഎല്‍

ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു

ipl 2022  chennai super kings vs kolkata knight riders  ipl highlights  ഐപിഎല്‍  ചെന്നൈ സൂപ്പര്‍ കിങ്‌സ് vs കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് വിജയത്തുടക്കം; നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയെ തോല്‍പ്പിച്ചത് ആറ് വിക്കറ്റിന്

By

Published : Mar 27, 2022, 7:06 AM IST

മുംബൈ : ഐപിഎല്‍ 15ാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി ഒമ്പത് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്. സ്‌കോര്‍: ചെന്നൈ-131/5 (20), കൊല്‍ക്കത്ത- 133/4 (18.3)

34 പന്തില്‍ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റണ്‍സെടുത്ത ഓപ്പണര്‍ അജിങ്ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഓപ്പണര്‍മാരായ അജിങ്ക്യ രഹാനെയും വെങ്കടേഷ് അയ്യരും ഭേദപ്പെട്ട തുടക്കമാണ് കൊല്‍ക്കത്തയ്‌ക്ക് നല്‍കിയത്. ആദ്യവിക്കറ്റില്‍ 38 പന്തില്‍ 43 റണ്‍സാണ് സഖ്യം കൂട്ടിച്ചേര്‍ത്തത്.

16 പന്തില്‍ 16 റണ്‍സെടുത്ത വെങ്കടേഷിനെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ നിതീഷ് റാണയെ കൂട്ടുപിടിച്ച് രഹാനെ സ്‌കോര്‍ 76ലെത്തിച്ചു. 17 പന്തില്‍ 21 റണ്‍സെടുത്ത റാണയേയും ബ്രാവോയാണ് തിരിച്ചുകയറ്റിയത്.

തുടര്‍ന്ന് 12ാം ഓവറിലെ നാലാം പന്തില്‍ രഹാനയെ മിച്ചല്‍ സാന്‍റ്നര്‍ മടക്കിയതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ - സാം ബില്ലിങ്‌സ് സഖ്യം കൊല്‍ക്കത്തയെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ലക്ഷ്യത്തിന് ഒമ്പത് റണ്‍സ് അകലെ 18ാം ഓവറില്‍ 22 പന്തില്‍ 25 റണ്‍സെടുത്ത ബില്ലിങ്‌സ് മടങ്ങിയെങ്കിലും ഷെൽഡൻ ജാക്സണെ കൂട്ടുപിടിച്ച് ശ്രേയസ്‌ കൊല്‍ക്കത്തയ്‌ക്ക് വിജയം സമ്മാനിച്ചു.

19 പന്തില്‍ 20 റണ്‍സോടെ ശ്രേയസും 3 പന്തില്‍ 3 റണ്‍സോടെ ഷെൽഡൻ ജാക്സണും പുറത്താകാതെ നിന്നു. ചെന്നൈക്കായി നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയ ഡ്വെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

രക്ഷകനായി ധോണി :നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയെ ചെന്നൈയെ അർധ സെഞ്ച്വറിയുമായി തിളങ്ങിയ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 38 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറുമടക്കം 50 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പയും (28) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ഇന്നിങ്സിന്‍റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദിനെ സംഘത്തിന് നഷ്‌ടമായിരുന്നു. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് ഇത്തവണ ആദ്യ മത്സരത്തില്‍ അക്കൗണ്ട് തുറക്കും മുമ്പ് മടങ്ങി. പിന്നാലെ നിലയുറപ്പിക്കാന്‍ പാടുപെട്ട സഹ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയുടെ (3) ഊഴമായിരുന്നു.

അഞ്ചാം ഓവറില്‍ ഉമേഷ് യാദവാണ് കോണ്‍വെയെ മടക്കിയത്. ഋതുരാജിനെ പുറത്താക്കിയതും ഉമേഷ് തന്നെ. 21 പന്തില്‍ നിന്ന് രണ്ടുവീതം സിക്‌സും ഫോറുമടക്കം 28 റണ്‍സെടുത്ത ഉത്തപ്പയെ എട്ടാം ഓവറില്‍ വരുണിന്‍റെ പന്തില്‍ ഷെല്‍ഡന്‍ ജാക്ക്‌സണ്‍ സ്റ്റമ്പ് ചെയ്‌ത് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയുമായുള്ള ആശയക്കുഴപ്പത്തെ തുടര്‍ന്ന് അമ്പാട്ടി റായുഡു (17 പന്തില്‍ 15) റണ്ണൗട്ടായതും ചെന്നൈക്ക് തിരിച്ചടിയായി.

also read: പുറത്താക്കിയ അഡ്‌മിൻ തിരിച്ചെത്തി; എല്ലാം നാടകം വെളിപ്പെടുത്തലുമായി രാജസ്ഥാൻ റോയൽസ്

ശിവം ദുബെ (6 പന്തില്‍ 3) കാര്യമായ സംഭാവനകളില്ലാതെ ആന്ദ്രേ റസലിന് കീഴടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ധോണി- ജഡേജ സഖ്യത്തിന് വേഗത്തില്‍ റണ്‍സ് കണ്ടെത്താനായില്ല. എന്നാല്‍ അവസാന മൂന്ന് ഓവറുകളില്‍ ഇരുവരും നടത്തിയ പോരാട്ടമാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 28 പന്തില്‍ 26 റണ്‍സെടുത്ത ജഡേജയും പുറത്താവാതെ നിന്നു.

കൊല്‍ക്കത്തയ്‌ക്കായി ഉമേഷ് യാദവ് നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയ സുനില്‍ നരെയ്‌നും തിളങ്ങി.

ABOUT THE AUTHOR

...view details