മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 15-ാമത് എഡിഷൻ മാർച്ച് 26 ന് മുംബൈയിൽ ആരംഭിക്കും. മൂന്ന് ആഴ്‌ചകൾ മാത്രം ശേഷിക്കെയാണ് ബിസിസിഐ ഇന്ന് ടൂർണമെന്‍റിന്‍റെ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 65 ദിവസങ്ങളിലായി ആകെ 70 ലീഗ് മത്സരങ്ങളും 4 പ്ലേഓഫ് മത്സരങ്ങളും നടക്കും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മാർച്ച് 26 ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.
മാര്‍ച്ച് 27ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രബോണില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സും റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പുനെയിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരം മാര്‍ച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ്. 20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും, 15 മത്സരങ്ങൾ വീതം ബ്രാബോണിലും പൂനെ എംസിഎ ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലും നടക്കും.
ലീഗ് ഘട്ടം മെയ് 22ന് വാങ്കഡെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് - പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. ഐപിഎല്ലിൽ എല്ലാ ലീഗ് മത്സരങ്ങൾക്കും 25 ശതമാനം കാണികളെ അനുവദിക്കാനും മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്.