മുംബൈ: ഐപിഎല്ലില്‍ നിന്നും പരിക്കേറ്റ് പുറത്തായ സൂര്യകുമാര്‍ യാദവിന് പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്. അണ്‍ക്യാപ്‌ഡ് ഇന്ത്യന്‍ താരം ആകാശ് മധ്വാളാണ് സൂര്യകുമാറിന് പകരക്കാരനാവുന്നത്. സപ്പോര്‍ട്ട് ടീമിന്‍റെ ഭാഗമായി പ്രീസീസണ്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു ആകാശ്.
വലം കൈയൻ മീഡിയം ഫാസ്റ്റ് ബൗളറായ 28കാരന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തരാഖണ്ഡിന്‍റെ താരമാണ്. 2019ല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ ആകാശ് ഉത്തരാഖണ്ഡിനായി ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിട്ടുണ്ട്.
ഇടതു കൈത്തണ്ടയിലെ പേശിക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൂര്യകുമാര്‍ ഐപിഎല്ലില്‍ നിന്നും പുറത്തായത്. മെയ് ആറിന് ഗുജറാത്ത് ടൈറ്റൻസിനെതിരായ ടീമിന്റെ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഈ സീസണില്‍ മുംബൈക്കായി മികച്ച പ്രകടനം നടത്തിയ താരമാണ് സൂര്യകുമാര്‍.
also read:20-ാം വർഷവും യുണിസെഫിന്‍റെ ഗുഡ്‌വിൽ അംബാസഡറായി സച്ചിൻ
എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 43.29 ശരാശരിയില്‍ 303 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. അതേസമയം സീസണിലെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. കളിച്ച 12 മത്സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള സംഘം പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.