കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റാവാന്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് ഏറ്റുമുട്ടും. മഴ ഭീഷണിക്കിടെ ഈഡൻ ഗാർഡൻസില്‍ രാത്രി 7.30നാണ് മത്സരം. കളിക്കിടെ മഴ പെയ്യാനുള്ള സാധ്യത 56 ശതമാനമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മത്സരത്തില്‍ ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലുറപ്പിക്കാം. തോല്‍ക്കുന്ന ടീമിന് രണ്ടാം ക്വാളിഫയറിലൂടെ ഒരവസരം കൂടി ലഭിക്കും. എലിമിനേറ്ററിലെ വിജയിയെയാണ് തോല്‍ക്കുന്ന ടീം രണ്ടാം ക്വാളിഫയറില്‍ നേരിടുക.
കന്നി സീസണില്‍ ഗുജറാത്തിന്‍റെ കുതിപ്പ്: പ്രവചനങ്ങള്‍ക്ക് അതീതമായാണ് സീസണിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളിൽ 10 ജയങ്ങള്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്.
ക്യാപ്റ്റന്‍ ഹര്‍ദിക്കിന്‍റെ ഓള്‍റൗണ്ടര്‍ മികവാണ് ഗുജറാത്തിന് മുന്നോട്ടുള്ള വഴികള്‍ എളുപ്പമാക്കിയത്. ശുഭ്‌മാൻ ഗിൽ, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവര്‍ തിളങ്ങിയാല്‍ ഗുജറാത്ത് അപകടകാരികളാവും. മാത്യു വെയ്‌ഡിന്‍റെ ഫോമും ഓപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ പരിക്കും ടീമിന് തിരിച്ചടിയാണ്.
രാജസ്ഥാന്‍ ഉയര്‍ത്തെഴുന്നേല്‍പ്പ്: കഴിഞ്ഞ സീസണ്‍ ഏഴാം സ്ഥാനത്ത് അവസാനിപ്പിച്ചിടത്തു നിന്നാണ് സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് രാജസ്ഥാന്‍ ആദ്യ ക്വാളിഫയറിനെത്തുന്നത്.
14 മത്സരങ്ങളില്‍ ഒമ്പത് ജയം നേടിയ സംഘത്തിന് 18 പോയിന്‍റാണുള്ളത്. മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും 18 പോയിന്‍റാണെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ മുന്നിലെത്തിയത്.
സഞ്‌ജു സാംസണ്‍, ജോസ് ബട്‍ലര്‍, ദേവ്ദത്ത് പടിക്കല്‍, ട്രെന്‍ഡ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, യുസ്‍വേന്ദ്ര ചാഹൽ, കുല്‍ദീപ് സെന്‍ തുടങ്ങിയ താരങ്ങളുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകമാവും. തുടക്കത്തില്‍ മിന്നിയ ബട്‌ലര്‍ക്ക് റണ്‍സ് കണ്ടെത്താനാവാത്തത് ടീമിന് അശങ്കയാണ്. ചെറിയ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയല്‍ ടീമിന് കരുത്താവും.
also read: IPL 2022 | പ്ലേ ഓഫിൽ മത്സരം മുടങ്ങിയാൽ വിധി നിർണയം ഇങ്ങനെ
പിച്ച് റിപ്പോര്‍ട്ട്: മികച്ച ബാറ്റിങ് ട്രാക്കായാണ് ഈഡൻ ഗാർഡൻസിലെ പിച്ചിനെ വിലയിരുത്തുന്നത്. എന്നാല്‍ മത്സരം പുരോഗമിക്കുമ്പോൾ സ്പിന്നർമാർക്ക് അനുകൂലമാവുന്ന പിച്ചില്‍ പേസര്‍മാരും വിജയങ്ങള്‍ നേടിയിട്ടുണ്ട്. 155 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്സ് സ്‌കോര്‍. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് മികച്ച റെക്കോർഡാണ് ഇവിടെയുള്ളത്. 60 എന്ന വിജയശതമാനം നിലനിർത്താന്‍ രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിന് കഴിഞ്ഞിട്ടുണ്ട്.