കൊല്‍ക്കത്ത: ഐപിഎല്ലിന്‍റെ 15ാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ നാളെ (ചൊവ്വാഴ്ച) അറിയാം. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. ഈഡൻ ഗാർഡൻസില്‍ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.
ജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലിലെത്താനാവും. തോൽക്കുന്ന ടീമിന് എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ നേരിടാം. ബുധനാഴ്ചയാണ് മൂന്നാം സ്ഥാനക്കായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സും നാലാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്ക് നേര്‍ വരുന്ന എലിമിനേറ്റര്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളിൽ 10 ജയങ്ങള്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്. സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീം കൂടിയാണ് ഹര്‍ദിക് പാണ്ഡ്യയുടെ സംഘം. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, ശുഭ്‌മാൻ ഗിൽ, മാത്യു വെയ്‌ഡ്, ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവര്‍ തിളങ്ങിയാല്‍ ഗുജറാത്ത് അപകടകാരികളാവും.