കൊവിഡ് കാരണം പാതി വഴിയിൽ അവസാനിപ്പിക്കേണ്ടിവന്ന ഐപിഎൽ പതിനാലാം പതിപ്പിന്‍റെ രണ്ടാം പാദ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ദുബായിൽ ഐപിഎല്ലിലെ ഗ്ലാമർ ടീമുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് മത്സരങ്ങളുടെ തുടക്കം.
ആറ് കളിക്കാര്‍ക്കും രണ്ട് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചതോടെ മെയ് നാലിനാണ് ബിസിസിഐ ടൂര്‍ണമെന്‍റ് നിര്‍ത്തി വെച്ചത്. ഇതിന് മുൻപ് സീസണിൽ 29 മത്സരങ്ങൾ മാത്രമാണ് പൂര്‍ത്തിയായത്. ഇനി ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ പകുതി മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. ഫൈനലടക്കം ഇനി 31 മത്സരങ്ങളാണ് ഇനി സീസണില്‍ അവശേഷിക്കുന്നത്.
ആദ്യഘട്ട മത്സരങ്ങൾ അവസാനിച്ചെങ്കിലും എട്ട് ടീമുകളിൽ ആരും തന്നെ പ്ലേഓഫിൽ സ്ഥാനമുറപ്പിച്ചിട്ടില്ല. അതിനാൽ തന്നെ പകുതിയോളം മത്സരങ്ങൾ അവസാനിക്കുമ്പോൾ പ്ലേഓഫിൽ സ്ഥാനമുറപ്പിക്കാനായി ടീമുകൾ തീപാറും പോരാട്ടങ്ങളാകും കാഴ്‌ചവെയ്‌ക്കുക.
ഡൽഹി ക്യാപ്പിറ്റൽസ്
മത്സരം 8
വിജയം 6
തോൽവി 2
പോയിന്‍റ് 12
അവശേഷിക്കുന്ന മത്സരം 6
ആറ് മത്സരങ്ങളാണ് പോയിന്‍റ് പട്ടികയിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിന് അവശേഷിക്കുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് ആറു ജയവും രണ്ട് തോൽവിയുമടക്കം 12 പോയിന്‍റാണ് ടീം സ്വന്തമാക്കിയിട്ടുള്ളത്. ഇനി രണ്ട് മത്സരം കൂടി വിജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കും. 22 ന് പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായാണ് ഡൽഹിയുടെ മത്സരം ആരംഭിക്കുന്നത്.
ഒരുപിടി യുവതാരങ്ങളുടെ ശക്‌തിയുമായാണ് ഡൽഹി കളിക്കളത്തിലിറങ്ങുന്നത്. റിഷഭ് പന്താണ് ടീമിന്‍റെ നായകൻ. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയില്‍ നടന്ന വൈറ്റ്‌ബോള്‍ പരമ്പരക്ക് ഇടയില്‍ ശ്രേയസ് അയ്യറിന് പരിക്കേറ്റതോടെയാണ് റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനാക്കുന്നത്. എന്നാൽ പന്തിന്‍റെ നേതൃത്വത്തിൽ മികച്ച പ്രകടനമാണ് ടീം ടൂർണമെന്‍റിലുടനീളം കാഴ്‌ചവെച്ചത്.
അയ്യർ പരിക്ക് ഭേദമായി തിരിച്ചെത്തിയെങ്കിലും പന്ത് തന്നെ നായകസ്ഥാനത്ത് തുടരാൻ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധശതകങ്ങളുമായി 380 റണ്‍സുമായി ശിഖാർ ധവാനാണ് ടീമിന്‍റെയും ടൂർണമെന്‍റിലെയും ടോപ്പ് സ്കോറർ. ബൗളിങിൽ എട്ട് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുമായി യുവതാരം ആവേശ് ഖാൻ മികച്ച് നിൽക്കുന്നു.
അവസരത്തിനൊത്തുയരുന്ന ബാറ്റിങ്, ബൗളിങ് നിരയാണ് ഡൽഹിയുടേത്. അതിനാൽ തന്നെ ഇത്തവണ കീരിടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഡൽഹി മുൻപന്തിയിൽത്തന്നെയുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ്
മത്സരം 7
വിജയം 5
തോൽവി 2
പോയിന്‍റ് 10
അവശേഷിക്കുന്ന മത്സരം 7
ഏഴ് മത്സരങ്ങളാണ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിന് ഇനി ടൂർണമെന്‍റിൽ അവശേഷിക്കുന്നത്. ഇതിൽ മൂന്നെണ്ണത്തിൽ വിജയിച്ചാൽ ചെന്നൈക്ക് ആദ്യ നാലിൽ സ്ഥാനമുറപ്പിക്കാം. കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്താൻ സാധിക്കാത്തതിന്‍റെ ക്ഷീണം ഇത്തവണ തീർക്കുന്നതിനായാണ് ചെന്നൈ കളിക്കളത്തിലിറങ്ങുന്നത്. ഈ സീസണില്‍ പ്ലേഓഫിലെത്തിയാല്‍ അത് സിഎസ്‌കെയുടെ 11-ാം പ്ലേഓഫായിരിക്കും. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോഡാണിത്.
മുംബൈ ഇന്ത്യൻസുമായാണ് രണ്ടാം പാദത്തിൽ ചെന്നൈയുടെ ആദ്യ മത്സരം. ഡൽഹിയോട് തോറ്റുകൊണ്ടാണ് ചെന്നൈ ഈ സീസണിലെ മത്സരങ്ങൾ ആരംഭിച്ചത്. പിന്നീട് തുടരെ അഞ്ച് ജയത്തോടെ കുതിച്ചെങ്കിലും അവസാന മത്സരത്തിൽ മുംബൈയോട് അടിപതറി. ഇതിനുള്ള പകരം വീട്ടൽ കൂടിയാകും ആദ്യ മത്സരം.
നായകൻ എംഎസ് ധോണി തന്നെയാണ് ടീമിന്‍റെ പ്രധാന ആകർഷണം. രാജ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലിൽ മാത്രമാണ് ധോണി കളിക്കുന്നത്. ഒരുപക്ഷേ ഇത് ധോണിയുടെ അവസാന ഐപിഎൽ ആകുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതിനാൽ തന്നെ കിരീടം നേടാനുറച്ചാണ് ചെന്നൈ ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 320 റണ്‍സുമായി ഫാഫ് ഡു പ്ലസിസിസാണ് ടീമിന്‍റെ ബാറ്റിങ് നിരയെ നയിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒൻപത് വിക്കറ്റുമായി ഓൾറൗണ്ടർ സാം കറനാണ് വിക്കറ്റ് നേട്ടത്തിൽ മുൻപന്തിയിൽ. ബാറ്റിങില്‍ പതിവ് ഫോമിലേക്കുയരാത്ത ധോണി രണ്ടാംവരവില്‍ മിന്നിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂർ
മത്സരം 7
വിജയം 5
തോൽവി 2
പോയിന്‍റ് 10
അവശേഷിക്കുന്ന മത്സരം 7
ആദ്യത്തെ ഐപിഎൽ കിരീടത്തിലേക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്തവണ ലക്ഷ്യം വയ്‌ക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ട് തോൽവിയുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ടീം. ശേഷിക്കുന്ന ഏഴ് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാനായാല്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബിക്കു പ്ലേഓഫിലേക്കു മുന്നേറാം.
ഏഴ് മത്സരങ്ങളിൽ നിന്ന് 223 റണ്‍സുമായി മാക്‌സ്‌വെല്ലാണ് ടീമിന്‍റെ ടോപ്പ് സ്കോറർ. ബൗളിങ്ങിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളുമായി യുവതാരം ഹർഷൽ പട്ടേൽ ടീമിലും ടൂർണമെന്‍റിലും മുന്നിൽ നിൽക്കുന്നു. സെപ്റ്റംബർ 20ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.
മുംബൈ ഇന്ത്യൻസ്
മത്സരം 7
വിജയം 4
തോൽവി 3
പോയിന്‍റ് 8
അവശേഷിക്കുന്ന മത്സരം 7
ആറാമത്തെയും തുടർച്ചയായ മൂന്നാമത്തെയും കിരീടം ലക്ഷ്യമിട്ട് മുന്നേറുന്ന നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളിൽ നിന്ന് നാല് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ എട്ട് പോയിന്‍റാണ് മുംബൈ സ്വന്തമാക്കിയിട്ടുള്ളത്. ശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ നാലെണ്ണത്തിൽ വിജയിക്കാനായാൽ മുംബൈക്ക് പ്ലേ ഓഫിലേക്ക് കടക്കാം.
നായകൻ രോഹിത് ശർമ്മ തന്നെയാണ് ടീമിന്‍റെ ബാറ്റിങ് നിരയെ നയിക്കുന്നത്. ഏഴ് മത്സരങ്ങളിൽ നിന്ന് 250 റണ്‍സാണ് താരം ഇതിനകം സ്വന്തമാക്കിയിട്ടുള്ളത്. ബോളിങിൽ സ്‌പിൻ ഓൾ റൗണ്ടർ രാഹുൽ ചഹാറാണ് മുന്നിൽ. ഏഴ് മത്സരങ്ങളിൽ നിന്ന 11 വിക്കറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും അട്ടിമറിയിലൂടെ മുന്നേറാൻ കഴിയുന്ന ടീമാണ് മുംബൈയുടേത്. മികച്ച ബാറ്റിങ് ബൗളിങ് നിരയാണ് മുംബൈയുടെ കരുത്ത്. കൂടാതെ ടീമിന്‍റെ ഉപദേശകനായി സാക്ഷാൽ സച്ചിനും എത്തുന്നതോടെ മുംബൈ കൂടുതൽ കരുത്താർജിക്കും.
രാജസ്ഥാൻ റോയൽസ്
മത്സരം 7
വിജയം 3
തോൽവി 4
പോയിന്‍റ് 6
അവശേഷിക്കുന്ന മത്സരം 7
മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഏഴു മല്‍സരങ്ങളിൽ നിന്ന് മൂന്നു ജയവും നാലു തോല്‍വിയും ഉൾപ്പെടെ ആറു പോയിന്‍റുമായി അഞ്ചാം സ്ഥാനത്ത്. അവശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ നാല് എണ്ണത്തിലെങ്കിലും വിജയിക്കാനായാലേ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ സാധിക്കുകയുള്ളു. എന്നാൽ രണ്ടാം ഘട്ട മത്സരങ്ങൾ രാജസ്ഥാന് കുറച്ച് കടുപ്പമേറിയതായിരിക്കും.
ടീമിന്‍റെ നട്ടെല്ലായിരുന്ന പ്രധാന വിദേശ താരങ്ങൾ ഇല്ലാത്തതാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സും, രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ടാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറും ഇത്തവണ ഐപിഎല്ലിൽ നിന്ന് പിന്മാറിയിട്ടുണ്ട്.
ഇവർക്ക് പകരം ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഗ്ലെൻ ഫിലിപ്‌സിനയും വെസ്റ്റ്ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസിനേയും ഒഷേൻ തോമസിനേയും ടീം കൂടാരത്തിലെത്തിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ തനിക്ക് നേരെ വന്ന വിമർശനങ്ങൾക്ക് വിജയത്തിലൂടെ മറുപടി നൽകേണ്ടത് സഞ്ജുവിനും നിർണായകമാണ്.
സഞ്ജു സാംസണ്‍ തന്നെയാണ് ടീമിന്‍റെ ടോപ് സ്കോർ. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറി ഉൾപ്പെടെ 277 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ബൗളിങ് നിരയിൽ സീനിയർ താരം ക്രിസ് മോറിസ് ഏഴ് മത്സരങ്ങളിൽ നിന്ന് 14 പോയിന്‍റുമായി മുൻപന്തിയിലുണ്ട്.
പഞ്ചാബ് കിങ്‌സ്
മത്സരം 8
വിജയം 3
തോൽവി 5
പോയിന്‍റ് 6
അവശേഷിക്കുന്ന മത്സരം 6
കെഎൽ രാഹുലിന്‍റെ പഞ്ചാബ് കിങ്സിന് കാര്യങ്ങൾ അത്ര എളുപ്പമാവില്ല. എട്ടു മല്‍സരങ്ങളിൽ നിന്ന് മൂന്നു ജയം, അഞ്ചു തോല്‍വി ഉൾപ്പെടെ ആറു പോയിന്‍റുമായി ആറാം സ്ഥാനത്തുള്ള ടീമിന് ഇനിയുള്ള ആറ് മത്സരങ്ങളിൽ അഞ്ചിലും വിജയം അനിവാര്യമാണ്. ഡേവിഡ് മലാൻ ഇത്തവണ ടീമിലില്ലാത്തത് പഞ്ചാബിന് കനത്ത തിരച്ചടിയാണ് നൽകിയിരിക്കുന്നത്. മലന് പകരക്കാരനായി ദക്ഷിണാഫ്രിക്കന്‍ താരം എയ്‌ഡന്‍ മാര്‍ക്രത്തെ പഞ്ചാബ് കിങ്സ് ടീമിലെടുത്തിട്ടുണ്ട്.
ക്യാപ്റ്റൻ രാഹുൽ തന്നെയാണ് ടീമിന്‍റെ ടോപ്പ് സ്കോറർ. ഏഴ് മത്സരങ്ങളിൽ നിന്ന് 331 റണ്‍സാണ് രാഹുൽ സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ബൗളർമാരുടെ മോശം പ്രകടനമാണ് പഞ്ചാബിനെ ഏറ്റവുമധികം അലട്ടുന്നത്. എട്ട് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റ് മാത്രം സ്വന്തമാക്കിയ മുഹമ്മദി ഷമിയാണ് പഞ്ചാബിനായി ആദ്യ ഘട്ടത്തിൽ ഏറ്റവുമധികം വിക്കറ്റുകൾ സ്വന്തമാക്കിയത്. വിദേശ താരങ്ങളുടെ ഫോമില്ലായ്‌മയും ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
മത്സരം 7
വിജയം 2
തോൽവി 5
പോയിന്‍റ് 4
അവശേഷിക്കുന്ന മത്സരം 7
രണ്ട് തവണ ചാമ്പ്യൻമാരായ കൊൽക്കത്തക്കും കാര്യങ്ങൾ കൂടുതൽ ദുഷ്‌കരമാണ്. ഏഴു മല്‍സരങ്ങളിൽ നിന്ന് രണ്ടു ജയവും അഞ്ചു തോല്‍വിയും ഉൾപ്പെടെ നാലു പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ഒയിൻ മോർഗൻ നയിക്കുന്ന ടീം. ഇനി അവശേഷിക്കുന്ന ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ വിജയിച്ചാൽ മാത്രമേ ടീമിന് പ്ലേ ഓഫിൽ കടക്കാൻ സാധിക്കുകയുള്ളു. ഇനിയുള്ള മത്സരങ്ങളെല്ലാം വമ്പൻമാരുമായാണ് എന്നത് കൊൽക്കത്തയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യ ഘട്ടത്തിൽ ടീമിനായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ പേസര്‍ പാറ്റ് കമ്മിന്‍സ് ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിൻമാറിയതും ടീമിന് തിരിച്ചടിയായിട്ടുണ്ട്. ഏഴ് മത്സരങ്ങള്‍ കളിച്ച കമ്മിന്‍സ് ഒന്‍പത് വിക്കറ്റുകളും 93 റണ്‍സും കണ്ടെത്തിയിട്ടുണ്ട്. കമ്മിൻസിന് പകരം ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കൂടാരത്തിലെത്തിച്ചിട്ടുണ്ട്.
ബാറ്റ്സ്മാൻമാരും ബോളർമാരും ഫോമിലെത്താത്തതും ടീമിന് തിരിച്ചടിയാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 201 റണ്‍സുമായി നിതീഷ് റാണയാണ് ടീമിന്‍റെ ടോപ് സ്കോറർ. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ച് പ്ലേ ഓഫിൽ എത്താനായി ജീവൻ മരണ പോരാട്ടത്തിനാകും കൊൽക്കത്ത രണ്ടാം ഘട്ടത്തിൽ കളത്തിലിറങ്ങുക.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
മത്സരം 7
വിജയം 1
തോൽവി 6
പോയിന്‍റ് 2
അവശേഷിക്കുന്ന മത്സരം 7
ഡേവിഡ് വാർണർ നയിക്കുന്ന ടീമിന്‍റെ ആദ്യഘട്ടത്തിലെ പ്രകടനം തീർത്തും നിരാശാജനകമായിരുന്നു. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം സ്വന്തമാക്കിയ ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ അവസാനസ്ഥാനക്കാരാണ്. പ്ലേ ഓഫിൽ കടക്കുക ഇനി ദുഷ്കരമാണെങ്കിൽ പോലും അവശേഷിക്കുന്ന ഏഴ് മത്സരങ്ങളിലും വിജയിക്കാനായൽ ടീമിന് ആദ്യ നാലിൽ കഷ്ടിച്ച് കടന്നുകൂടാൻ സാധിക്കും.
ഏറ്റവും വലിയ തിരിച്ചടിയെന്തെന്നാൽ ആദ്യ ഘട്ടത്തിൽ ടീമിന്‍റെ ടോപ് സ്കോററായ ജോണി ബെയര്‍സ്റ്റോ ഇത്തവണ കളിക്കാനെത്തുന്നില്ല എന്നതാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 248 റണ്‍സ് നേടിയ താരം ടി 20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് ഐപിഎല്ലിൽ നിന്ന് പിൻമാറിയത്. ബൗളിങിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനാണ് മുൻപന്തിയിൽ.