ദുബായ് :ഐപിഎല്ലിലെ ജീവൻ മരണ പോരാട്ടത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ബാറ്റിങ്. ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റൻ കെയ്‌ൻ വില്യംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഘട്ടത്തിന് ശേഷം ഹൈദരാബാദിന്‍റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിൻമാറിയ ഡേവിഡ് വാർണർ ഓപ്പണറായി ടീമിൽ തിരിച്ചെത്തി. പരിക്ക് മാറിയ മുൻ ഡൽഹി നായകൻ ശ്രേയസ് അയ്യരും ബുധനാഴ്‌ചത്തെ മത്സരത്തിൽ ഇടം നേടി.
കൊവിഡ് ഭീഷണിയിലാണ് മത്സരം. കളി ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ പേസർ ടി നടരാജന് കൊവിഡ് സ്ഥിരീകരിച്ചത്. നടരാജനുമായി സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ വിജയ് ശങ്കർ, ടീം മാനേജർ വിജയ് കുമാർ, ഫിസിയോതെറാപ്പിസ്റ്റ് ശ്യാം സുന്ദർ, ഡോക്ടർ അഞ്ജന വന്നൻ, ലോജിസ്റ്റിക്‌സ് മാനേജർ തുഷാർ ഖേഡ്‌കര്‍, നെറ്റ് ബൗളർ പെരിയസാമി ഗണേശൻ എന്നിവരും ഐസൊലേഷനിലാണ്.
പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും അവസാന സ്ഥാനക്കാരായ ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരുടീമുകളും വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല. ഡൽഹിക്ക് വിജയം പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനാണെങ്കിൽ സണ്‍റൈസേഴ്‌സിന് വിജയം നിലനിൽപ്പിന്‍റെ പ്രശ്‌നം തന്നെയാണ്. ഇന്നത്തെ മത്സരത്തിൽ പരാജയപ്പെട്ടാൽ ഹൈദരാബാദിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകില്ല.
ആദ്യ പാദത്തിൽ തീർത്തും നിരാശാജനകമായിരുന്നു ഹൈദരാബാദിന്‍റെ പ്രകടനം. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചത്. ആദ്യ ഘട്ടത്തിൽ ടീമിന്‍റെ ടോപ് സ്കോററായ ജോണി ബെയര്‍സ്റ്റോ ഇത്തവണ കളിക്കാനെത്തുന്നില്ല എന്നതും ഹൈദരാബാദിനെ പ്രതികൂലമായി ബാധിക്കും.