അബുദാബി : ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രണ്ടാം പാദത്തിൽ ഇരു ടീമുകളുടേയും രണ്ടാമത്തെ മത്സരമാണിത്. കൊൽക്കത്ത ആദ്യ മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്തെറിഞ്ഞ ആത്മവിശ്വാസത്തോടെയാണ് കളിക്കാനെത്തുന്നതെങ്കിൽ ചെന്നൈയോട് ആദ്യ മത്സരം തോറ്റതിന്‍റെ നാണക്കേട് മാറ്റാനാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ പുറത്തിരുന്ന ക്യാപ്‌റ്റൻ രോഹിത് ശർമ ഇന്ന് മുംബൈക്കായി തിരിച്ചെത്തും. ആദ്യ പാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ വിജയം മുംബൈക്കൊപ്പമായിരുന്നു. മുംബൈയുടെ 152 റണ്‍സ് വിജയ ലക്ഷ്യം പിൻതുടർന്നിറങ്ങിയ കൊൽക്കത്തക്ക് 20 ഓവറിൽ 142 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
നിലവിൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മുംബൈ. എട്ട് കളികളിൽ നിന്ന് നാല് വിജയവും നാല് തോൽവിയുമുൾപ്പെടെ എട്ട് പോയിന്‍റാണ് ടീമിനുള്ളത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ 20 റണ്‍സിനായിരുന്നു മുംബൈ തോൽവി വഴങ്ങിയത്. ചെന്നൈയുടെ 157 റണ്‍സ് വിജയ ലക്ഷ്യം പിൻതുടർന്ന് ഇറങ്ങിയ മുംബൈക്ക് 20 ഓവറിൽ 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ഇനിയുള്ള ആറ് മത്സരങ്ങളിൽ നാല് മത്സരങ്ങൾ വിജയിച്ചാലേ ടീമിന് പ്ലേ ഓഫിൽ എത്താൻ സാധിക്കുകയുള്ളു.