ദുബായ് : ഐപിഎല്ലിലെ കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 193 റണ്‍സിന്‍റെ കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഓപ്പണർ ഫഫ് ഡു പ്ലസിയുടെ (59 പന്തിൽ 86) ബാറ്റിങ് മികവിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 എന്ന മികച്ച സ്കോർ കണ്ടെത്തിയത്.
മികച്ച തുടക്കമാണ് ചെന്നൈക്കായി ഡുപ്ലസിസ്- ഋതുരാജ് ഓപ്പണിങ് സഖ്യം പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ ചെന്നൈക്കായി എട്ട് ഓവറിൽ 61 റണ്‍സാണ് നേടിയത്. മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന ഋതുരാജിനെ മടക്കി അയച്ച് സുനിൽ നരെയ്‌നാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 27 പന്തിൽ 32 റണ്‍സ് നേടിയ താരത്തെ ശിവം മാവി പിടികൂടുകയായിരുന്നു.
പിന്നാലെയെത്തിയ റോബിൻ ഉത്തപ്പ കഴിഞ്ഞ മത്സരത്തിന് സമാനമായി കൊൽക്കത്ത ബോളർമാരെ തലങ്ങും വിലങ്ങും പായിച്ചു. ഇരുവരും ചേർന്ന് 13-ാം ഓവറിൽ ടീം സ്കോർ 100 കടത്തി. പിന്നാലെ ഉത്തപ്പയെ ചെന്നൈക്ക് നഷ്ടമായി. 15 പന്തിൽ മൂന്ന് സിക്‌സിന്‍റെ അകമ്പടിയോടെ 31 നേടിയ താരത്തെ സുനിൽ നരെയ്ൻ എൽ.ബിയിൽ കുരുക്കുകയായിരുന്നു.