ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സിന് ഐപിഎല്ലില്‍ നാലാം കിരീടം. കലാശപ്പോരാട്ടത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. സ്കോര്‍: ചെന്നൈ സൂപ്പര്‍ കിങ്സ് 192/3 (20), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 165/9 (20).
ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51 റണ്‍സ്) വെങ്കടേഷ് അയ്യരും (32 പന്തില്‍ 50 റണ്‍സ്) അര്‍ധ സെഞ്ചുറി നേടി മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയ ബാറ്റര്‍മാര്‍ നിറം മങ്ങിയതാണ് കൊല്‍ക്കത്തക്ക് തിരിച്ചടിയായത്. ഓപ്പണിങ് വിക്കറ്റിൽ 64 പന്തില്‍ 91 റണ്‍സാണ് ഗില്‍ - വെങ്കിടേഷ് സഖ്യം അടിച്ചടുത്തത്.
ഇവർക്ക് ശേഷം ക്രീസിലെത്തിയ വാലറ്റക്കാരായ ശിവം മാവിക്കും (13 പന്തിൽ 20), ലോക്കി ഫെർഗൂസണും (11 പന്തിൽ 18*) മാത്രമേ രണ്ടക്കം കടക്കാനായൊള്ളു. നിതീഷ് റാണ (0), സുനിൽ നരെയ്ൻ (2), ക്യാപ്റ്റൻ ഒയിൻ മോർഗൻ (4), ദിനേഷ് കാർത്തിക് (9), ഷാക്കിബ് അൽ ഹസൻ (0), രാഹുൽ ത്രിപാഠി (2) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സംഭാവന.
ചെന്നൈക്കായി ശാര്‍ദുല്‍ താക്കൂര്‍ 38 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് 29 റണ്‍സും രവീന്ദ്ര ജഡേജ 37 റണ്‍സും വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകള്‍ വീതം നേടി. ദീപക് ചഹാര്‍, ഡ്വെയ്ൻ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.