ന്യൂഡല്‍ഹി: ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പുറത്താകല്‍ ഹൃദയഭേദകമായിരുന്നുവെന്ന് ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഇന്നലെ നടന്ന രണ്ടാം ക്വളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ട്വിറ്ററിലൂടെയാണ് പന്ത് ഇക്കാര്യം പറഞ്ഞത്.
'ഹൃദയഭേദകമായാണ് കഴിഞ്ഞ രാത്രി അവസാനിച്ചത്. പക്ഷേ, അസാധാരണമായ പോരാളികളുള്ള ഈ ടീമിനെ നയിക്കുന്നതിൽ കൂടുതൽ എനിക്ക് അഭിമാനിക്കാനില്ല. സീസണിൽ ഞങ്ങൾ കഠിനമായി പോരാടി, ചില ദിവസങ്ങളിൽ വീഴ്ച വരുത്തിയെങ്കിലും, ഞങ്ങൾ എപ്പോഴും 100 ശതമാനം നൽകി" പന്ത് ട്വീറ്റ് ചെയ്‌തു.
അതേസമയം ടീം മാനേജ്മെന്‍റിനും ആരാധകര്‍ക്കും നന്ദി പറഞ്ഞ് മറ്റൊരു ട്വീറ്റും ഡല്‍ഹി ക്യാപ്റ്റന്‍ പങ്കുവെച്ചിട്ടുണ്ട്. ''ഉടമകൾ, മാനേജ്മെന്‍റ്, സ്റ്റാഫ്, എന്‍റെ ടീമംഗങ്ങൾ, ഏറ്റവും പ്രധാനമായി, ഞങ്ങളുടെ ആവേശഭരിതരായ ആരാധകർ എന്നിവര്‍ക്ക് ഹൃദയത്തിൽ നിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ എല്ലാവരും ഈ സീസണിനെ സവിശേഷമാക്കി. ഞങ്ങൾ ശക്തമായി തിരിച്ചുവരും'' പന്ത് കുറിച്ചു.