ദുബായ് :ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും അവസാന സ്ഥാനക്കാരായ പഞ്ചാബും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.
ഡൽഹിക്ക് വിജയം പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനാണെങ്കിൽ സണ്‍റൈസേഴ്‌സിന് വിജയം നിലനിൽപ്പിന്‍റെ പ്രശ്‌നം തന്നെയാണ്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയ മത്സരം സൂപ്പർ ഓവർ വരെ എത്തിയെങ്കിലും വിജയം ഡൽഹിക്കൊപ്പമായിരുന്നു. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ എട്ട് റണ്‍സ് ഡൽഹി അവസാന പന്തിൽ മറികടക്കുകയായിരുന്നു.
ആദ്യ പാദത്തിൽ തീർത്തും നിരാശാജനകമായിരുന്നു ഹൈദരാബാദിന്‍റെ പ്രകടനം. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചത്. പഞ്ചാബിനെതിരെ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയം നേടിയാൽ മാത്രമേ ഹൈദരാബാദിന് ആദ്യ നാലിലേക്ക് കടക്കാൻ സാധിക്കുകയുള്ളു.
ഏറ്റവും വലിയ തിരിച്ചടിയെന്തെന്നാൽ ആദ്യ ഘട്ടത്തിൽ ടീമിന്‍റെ ടോപ് സ്കോററായ ജോണി ബെയര്‍സ്റ്റോ ഇത്തവണ കളിക്കാനെത്തുന്നില്ല എന്നതാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 248 റണ്‍സ് നേടിയ താരം ടി 20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് ഐപിഎല്ലിൽ നിന്ന് പിൻമാറിയത്.