ഷാർജ : ഐപിഎല്ലിൽ ഇന്ന് നായകൻമാരുടെ പോരാട്ടം. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സും നിലവിലെ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആവേശത്തിരയിളകും.
ജയം തുടരാൻ ചെന്നൈ, തിരിച്ചുവരാൻ ബാംഗ്ലൂർ
രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ മുംബൈയോട് മിന്നുന്ന വിജയം നേടിയ ആത്മവിശ്വാസവുമായാണ് ചെന്നൈ ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. മറുപക്ഷത്ത് കൊൽക്കത്തയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ക്ഷീണം മറയ്‌ക്കാനാവും ബാംഗ്ലൂർ ഇന്നിറങ്ങുക. കൂടാതെ ക്യാപ്റ്റൻസിയിലെ വിവാദങ്ങൾക്കും ഫോമില്ല എന്നുള്ള പരാതികൾക്കും വിജയത്തിലൂടെ മറുപടി നൽകേണ്ടത് കോലിക്കും ഏറെ അത്യാവശ്യമാണ്.
എട്ട് മത്സരങ്ങളിൽ നിന്ന് ആറ് വിജയവും രണ്ട് തോൽവിയുമുൾപ്പെടെ 12 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ് ചെന്നൈ. എട്ട് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും മൂന്ന് തോൽവിയുമുൾപ്പെടെ പത്ത് പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ബാംഗ്ലൂർ.
അരങ്ങേറാൻ മുഹമ്മദ് അസ്‌ഹറുദ്ദീൻ
അതേ സമയം മലയാളി താരം മുഹമ്മദ് അസ്‌ഹറുദ്ദീന്‍ ഇന്ന് ഐപിഎൽ അരങ്ങേറ്റം കുറിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എബി ഡിവില്ലിയേഴ്‌സിനെ വിക്കറ്റ് കീപ്പർ ആക്കാൻ ഇന്നും സാധ്യതയില്ല. ആദ്യ മത്സത്തിൽ വിക്കറ്റ് കീപ്പറായെത്തിയ ശ്രികർ ഭഗത് നിരാശപ്പെടുത്തിയതിനാൽ അസ്‌ഹറുദ്ദീന് പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ താരം കീപ്പിങ്ങിൽ പരിശീലനം നടത്തുന്ന ചിത്രങ്ങളും ടീം പങ്കുവെച്ചിരുന്നു.
കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരു മാറ്റത്തോടെയായിരിക്കും ചെന്നൈ ഇന്ന് ഇറങ്ങുക. ക്വാറന്‍റൈൻ പൂർത്തിയാക്കിയ ഓൾ റൗണ്ടർ സാം കറൻ ഇന്ന് ടീമിൽ മടങ്ങിയെത്തിയേക്കും. പകരം ജോഷ് ഹേസൽവുഡിനെ പുറത്തിരുത്താനാണ് സാധ്യത. ആർസിബിയും ടീമിൽ ചില അഴിച്ചുപണികൾ നടത്താൻ സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ചവെക്കാൻ കഴിയാത്ത വാനിഡു ഹസരങ്കയെ പുറത്തിരുത്താനാണ് സാധ്യത.
ഇരുവരും ഇതുവരെ 27 മത്സരങ്ങളിലാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ 18 കളിയിലും വിജയം ചെന്നൈക്കൊപ്പമായിരുന്നു. ഒൻപത് തവണ ആർസിബിയും വിജയിച്ചു. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്താനാകും ചെന്നൈ ശ്രമിക്കുക. മറുവശത്ത് ആർസിബിക്ക് പ്ലേഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്.
ALSO READ :'ലൈവ് ദി ഗെയിം' ; ഐസിസി പുരുഷ ടി20 ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കി