ഷാർജ : ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് 157 റണ്‍സ് വിജയ ലക്ഷ്യം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ടീം 156 റണ്‍സ് സ്വന്തമാക്കിയത്. കോലിയുടെയും, ദേവ്ദത്ത് പടിക്കലിന്‍റെയും അർധശതകത്തിന്‍റെ മികവിലാണ് ആർസിബിക്ക് ഭേദപ്പെട്ട സ്കേർ കണ്ടെത്താനായത്. ചെന്നൈക്കായി ഡ്വയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ശര്‍ദ്ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റും, ദീപക് ചഹാർ ഒരു വിക്കറ്റും നേടി.
ഓപ്പണർമാരായ ക്യാപ്റ്റൻ വിരാട് കോലിയും, ദേവ് ദത്ത് പടിക്കലും ആദ്യ പന്തു മുതൽ തകർത്തടിച്ചാണ് തുടങ്ങിയെങ്കിലും അവസാന ഓവറുകളിൽ താളം കണ്ടെത്താൻ ആകാത്തതാണ് ആർസിബിക്ക് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ 13 ഓവറിൽ 113 റണ്‍സ് എന്ന നിലയിലായിരുന്ന ടീമിനെ അവസാന ഓവറുകളിൽ ചെന്നൈ ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു.
ആദ്യത്തെ രണ്ട് പന്തുകളിലും ബൗണ്ടറി നേടിയാണ് കോലി മത്സരത്തിന് തുടക്കമിട്ടത്. കൂടെ ദേവ്ദത്തും തകർത്തടിച്ചതോടെ പവർ പ്ലേയിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ബാഗ്ലൂർ 55 റണ്‍സ് നേടി. ചെന്നൈ ബൗളർമാരെ തകർത്തടിച്ച് മുന്നേറിക്കൊണ്ടിരുന്ന ഈ കൂട്ടുകെട്ടിനെ 13-ാം ഓവറിൽ ബ്രാവോയാണ് തകർത്തത്. 41 പന്തിൽ നിന്ന് ആറ് ഫോറിന്‍റെയും ഒരു സിക്സിന്‍റെയും അകമ്പടിയോടെ 53 റണ്‍സ് നേടിയ കോലി ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.