ദുബായ് : ഐപിഎല്‍ ഫൈനലില്‍ മികച്ച തുടക്കത്തിന് ശേഷം തകര്‍ന്നടിഞ്ഞാണ് കൊല്‍ക്കത്ത ചെന്നൈയോട് തോല്‍വി വഴങ്ങിയത്. മുന്‍ മത്സരങ്ങളില്‍ തന്നെ ടീമിന്‍റെ മധ്യനിരയുടെ മോശം പ്രകടനം വെളിപ്പെട്ടതാണ്. ഇതോടെ ഫൈനലില്‍ കൊല്‍ക്കത്ത നിരയിലേക്ക് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസല്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാലിന്‍റെ തുടയ്‌ക്ക് പരിക്കേറ്റ താരം നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
എന്നാല്‍ റസലിനെ പുറത്തിരുത്തി കളത്തിലിറങ്ങിയ കൊല്‍ക്കത്ത പതിവ് ആവര്‍ത്തിച്ചു. ഇപ്പോഴിതാ റസലിനെ പുറത്തിരുത്തിയതിന്‍റെ കാരണം വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ബ്രണ്ടന്‍ മക്കല്ലം. ടീമിലേക്ക് മടങ്ങിയെത്താന്‍ കഠിനമായി പരിശ്രമിച്ച താരം പൂര്‍ണമായി സുഖപ്പെട്ടിരുന്നില്ലെന്നും ഫൈനല്‍ പോലെ പ്രധാനമായ ഒരു മത്സരത്തില്‍ ഒരു റിസ്ക്ക് എടുക്കാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് മക്കല്ലം പറയുന്നത്.
ഇതോടെയാണ് രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ച ടീമുമായി മുന്നോട്ടുപോകാന്‍ മാനേജ്മെന്‍റ് തീരുമാനിച്ചത്. മത്സരത്തിലെ തോല്‍വി ലജ്ജാകരമായിരുന്നെങ്കിലും ചെന്നൈ നിര മികച്ചതായിരുന്നുവെന്ന് മക്കല്ലം കൂട്ടിച്ചേര്‍ത്തു.