അബുദാബി: നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെ ടോസ് നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബൗളിങ് തെരഞ്ഞെടുത്തു. സീസണിലെ കൊല്‍ക്കത്തയുടെ ആദ്യ മത്സരമാണിത്.
നൈറ്റ് റൈഡേഴ്‌സിന്‍റെ ബൗളിങ് നിരക്ക് ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സ് നേതൃത്വം നല്‍കും. സീസണില്‍ റെക്കോഡ് തുകക്കാണ് കമ്മിന്‍സിനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. ദിനേശ് കാര്‍ത്തിക് നേതൃത്വം നല്‍കുന്ന കൊല്‍ക്കത്തയുടെ സ്‌പിന്‍ ആക്രമണം കുല്‍ദീപ് യാദവ് നടത്തും.
നേരത്തെ മുംബൈ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനോട് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ ഇറങ്ങിയ ടീമിനെ മുംബൈ ഇന്ത്യന്‍സ് നലനിര്‍ത്തി. സിഎസ്‌കെക്ക് എതിരായ ആദ്യ മത്സരത്തിലെ പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാനാണ് മുംബൈ ഇറങ്ങുന്നത്.
ദക്ഷിണാഫ്രിക്കന്‍ താരം കീറോണ്‍ പൊള്ളാര്‍ഡ് മുംബൈ ജേഴ്‌സിയില്‍ 150ാം മത്സരം കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ആദ്യമായാണ് ഒരു താരം മുംബൈക്ക് വേണ്ടി 150 മത്സരങ്ങള്‍ കളിക്കുന്നത്.