ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ 219 റണ്‍സ് തേടിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സിനെ 88 റണ്‍സിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.220 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 19 ഓവറിൽ 131 റൺസിലൊതുങ്ങി. 36 റണ്‍സെടുത്ത ഋഷഭ് പന്ത് മാത്രമാണ് ഡല്‍ഹിയ്ക്ക് വേണ്ടി അല്‍പമെങ്കിലും പിടിച്ചുനിന്നത്. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ബൗളര്‍മാരാണ് വിജയം അനായാസമാക്കിയത്. നാലോവറില്‍ വെറും 7 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റ് നേടിയ റഷീദ് ഖാനാണ് ഡല്‍ഹിയുടെ തകര്‍ച്ച പൂര്‍ണ്ണമാക്കിയത്. ഹൈദരാബാദിന് കൂറ്റൻ റൺസ് സമ്മാനിച്ച വൃദ്ധിമാൻ സാഹയാണ് കളിയിലെ കേമൻ.
ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ധവാന്‍ പൂജ്യനായി മടങ്ങി. സന്ദീപ് ശര്‍മയ്ക്കാണ് വിക്കറ്റ്. പിന്നാലെ 5 റണ്‍സെടുത്ത് സ്‌റ്റോയിനിസിനെ നദീം പുറത്താക്കി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ ഹെറ്റ്‌മെയറും രഹാനെയും ചേര്‍ന്ന് സ്‌കോര്‍ ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 50 കടത്തി.എന്നാല്‍ എഴാം ഓവറിലെ ആദ്യ പന്തില്‍ തന്നെ 16 റണ്‍സെടുത്ത ഹെറ്റ്‌മെയറുടെ കുറ്റി തെറുപ്പിച്ച് റാഷിദ് ഖാന്‍ വീണ്ടും ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. അതേ ഓവറില്‍ തന്നെ 26 റണ്‍സെടുത്ത രഹാനെയെയും പുറത്താക്കി റാഷിദ് തന്‍റെ ആദ്യ ഓവറില്‍ തന്നെ രണ്ടുവിക്കറ്റുകള്‍ സ്വന്തമാക്കി. 54 ന് രണ്ട് എന്ന നിലയില്‍ നിന്നും 55 ന് നാല് എന്ന സ്‌കോറിലേക്ക് ഡല്‍ഹി കൂപ്പുകുത്തി.
പിന്നാലെ വന്ന നായകന്‍ ശ്രേയസ്സ് അയ്യര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. വെറും ഏഴ് റണ്‍സെടുത്ത താരത്തെ വിജയ് ശങ്കര്‍ പുറത്താക്കി. പിന്നാലെ അക്ഷര്‍ പട്ടേലിനെ പുറത്താക്കി റാഷിദ്ഖാന്‍ മൂന്നാം വിക്കറ്റ് നേട്ടം ആഘോഷിച്ചു. നാലോവറില്‍ വെറും ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റാഷിദ് മൂന്നുവിക്കറ്റുകള്‍ നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് ഇതോടെ റാഷിദ് സ്വന്തമാക്കി.ഡല്‍ഹിയുടെ അവസാന പ്രതീക്ഷയായിരുന്ന പന്തിനെ 17-ാം ഓവറില്‍ സന്ദീപ് ശര്‍മ പുറത്താക്കിയതോടെ സണ്‍റൈസേഴ്‌സ് വിജയമുറപ്പിച്ചു. റാഷിദിനൊപ്പം മറ്റു ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു. സന്ദീപ് ശര്‍മ, നടരാജന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ വിജയ് ശങ്കറും ഷഹബാസ് നദീമും വിജയ് ശങ്കറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ ചേര്‍ന്ന് നല്‍കിയത്. ക്യാപ്‌റ്റൻ വാര്‍ണറും സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ വൃദ്ധിമാൻ സാഹയും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പൻ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. നാലാം ഓവറില്‍ ടീം സ്‌കോര്‍ അമ്പത് കടന്നു. എല്ലാ ഓവറുകളിലും ഒന്നിലധികം തവണ ബോള്‍ അതിര്‍ത്തി കടന്നു. പത്താം ഓവറിലാണ് സഖ്യം പിരിഞ്ഞത്. 34 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടക്കം 66 റണ്‍സ് നേടി വാര്‍ണര്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 107ല്‍ എത്തിയിരുന്നു. പിന്നാലെ ഉത്തരവാദിത്തം സാഹ ഏറ്റെടുത്തു. 45 പന്തില്‍ 2 സിക്‌സുകളുടെയും 12 ഫോറുകളുടെ അകമ്പടിയോടെ 87 റണ്‍സെടുത്ത സാഹ പതിനഞ്ചാം ഓവറില്‍ പുറത്തായി. ടീം സ്‌കോര്‍ 170 റണ്‍സിലെത്തിച്ച ശേഷമാണ് സാഹ മടങ്ങിയത്. കരുത്തുറ്റ അടിത്തറയില്‍ നിന്ന് മനീഷ് പാണ്ഡെയും കെയ്‌ൻ വില്യംസണും ടീമിനെ മുന്നോട്ട് നയിച്ചു. 31 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 44 റണ്‍സെടുത്ത മനീഷ് പാണ്ഡെയും 10 പന്തില്‍ 11 റണ്‍സുമായി കെയ്‌ൻ വില്യംസണും പുറത്താകാതെ നിന്നു. തുടക്കത്തിലെ സ്‌കോറിങ് വേഗം അവസാന നിമിഷം ഉണ്ടായിരുന്നില്ല. മറുവശത്ത് ഡല്‍ഹി ബോളര്‍മാര്‍ക്കെല്ലാം കണക്കിന് തല്ലുകിട്ടി. സ്‌റ്റാര്‍ ബോളര്‍ കഗീസോ റബാഡ നാല് ഓവറില്‍ വഴങ്ങിയത് 54 റണ്‍സ്. വിക്കറ്റൊന്നും കിട്ടിയതുമില്ല. നോര്‍ജെക്കും അശ്വിനുമാണ് വിക്കറ്റ് ലഭിച്ചത്.