ഐപിഎല്ലില്‍ 2013ല്‍ അരങ്ങേറ്റം കുറിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇതേവരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2016ല്‍ ഡേവിഡ് വാര്‍ണറുടെ നേതൃത്വത്തില്‍ കിരീടം സ്വന്തമാക്കാനും സണ്‍റൈസേഴ്സിന് സാധിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ കലാശപ്പോരില്‍ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയായിരുന്നു രണ്ട് വര്‍ഷം മുമ്പത്തെ സണ്‍റൈസേഴ്സിന്റെ കിരീട ധാരണം. ഇത്തവണ ഓസ്ട്രേലിയന്‍ വെടിക്കെട്ട് ഓപ്പണര്‍ വാര്‍ണര്‍ വീണ്ടും അമരത്തേക്ക് തിരിച്ചെത്തുമ്പോള്‍ കപ്പില്‍ കുറഞ്ഞൊന്നും സണ്‍റൈസേഴ്സ് ആഗ്രഹിക്കുന്നില്ല.
കിരീടം നേടിയത് 2016ല്‍
ഡെക്കാന്‍ ചാര്‍ജേഴ്സ് കളി അവസാനിപ്പിച്ചതോടെയാണ് ഐപിഎല്ലില്‍ സണ്‍ റൈസേഴ്സിന്റെ ഉദയം. 2016ല്‍ കപ്പടിച്ച ശേഷം കഴഞ്ഞ നാല് സീസണിലും തുടര്‍ച്ചയായി പ്ലേ ഓഫ് യോഗ്യത നേടാനും ടീമിനായി. 2018ല്‍ ഫൈനലില്‍ എത്തിയെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിന് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു. എട്ട് വിക്കറ്റിനായിരുന്നു 2018ല്‍ ഫൈനലിലെ തോല്‍വി. 2018ല്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണറെ നായകസ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തുടര്‍ന്നുള്ള രണ്ട് സീസണിലും വ്യത്യസ്ഥ നായകര്‍ക്കൊപ്പമാണ് സണ്‍റൈസേഴസ് ടീം കളിത്തില്‍ ഇറങ്ങിയത്.
കളിപഠിപ്പിക്കാന്‍ ട്രെവര്‍ ബെയ്ലിഷ്
ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന് ട്രെവര്‍ ബെയ്ലിഷാണ് ഇത്തവണ സണ്‍ റൈസേഴ്സിനെ കളി പഠിപ്പിക്കുന്നത്. വാര്‍ണറും ട്രവറും ചേര്‍ന്ന സഖ്യത്തിന് ന്യൂസിലന്‍ഡ് നായകന് കെയിന്‍ വില്യംസണിന്റെ പിന്തുണ കൂടി ലഭിച്ചാല്‍ വീണ്ടും കിരീടം ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരിശീലകനും മാര്‍ഗദര്‍ശിയുമായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും ടീമിനൊപ്പമുണ്ട്.
ഓപ്പണിങ് കൂട്ടുകെട്ടില്‍ വാര്‍ണറും ബ്രിസ്റ്റോയും
സണ്‍റൈസേഴ്സിന്റെ ഏറ്റവും വലിയ റണ്‍ വേട്ടക്കാരന് കൂടിയാണ് നായകന് വാര്‍ണര്‍. ഇതേവരെ 126 മത്സരങ്ങളില്‍ നിന്നായി 4706 റണ്‍സാണ് വാര്‍ണറുടെ അക്കൗണ്ടിലുള്ളത്. നാല് സെഞ്ച്വറിയും 44 അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെയാണ് ഈ നേട്ടം. കഴിഞ്ഞ രണ്ട് സീസണുകളിലും വാര്‍ണര്‍ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. സണ്‍റൈസേഴ്സിന് വേണ്ടി വാര്‍ണര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ ജോണി ബ്രിസ്റ്റോ ഓപ്പണറായി ഇറങ്ങും. കഴിഞ്ഞ സീസണിലാണ് ബ്രിസ്റ്റോ ഐപിഎല്ലിന്റെ ഭാഗമായത്. 10 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 445 റണ്‍സാണ് ഈ ഇംഗ്ലീഷ് ഓപ്പണര്‍ അടിച്ച് കൂട്ടിയത്. മൂന്നാനായി ന്യൂസിലന്‍ഡ് നായകന് കെയിന്‍ വില്യംസണും ഹൈദരാബാദിന് വേണ്ടി പാഡണിയും. 2018ല്‍ ടീമിനെ ഫൈനലില്‍ എത്തിച്ച വില്യംസണിന്റെ അനുഭവ സമ്പത്തും ടീമിന് മുതല്‍ക്കൂട്ടാകും. 2018ല്‍ 142.44 സ്ട്രൈക്ക് റേറ്റോടെ 735 റണ്‍സെടുത്ത വില്യംസണ് ഇത്തവണയും പഴയ ഫോമിലേക്ക് ഉയരുമെന്ന പ്രതീക്ഷിയിലാണ് ടീം.