ദുബായ്: ജീവൻമരണ പോരാട്ടത്തിനിറങ്ങിയ ഹൈദരാബാദ് കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ ഡല്‍ഹിക്കെതിരെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി അടിച്ചെടുത്തത് 219 റണ്‍സ്. ക്യാപ്‌റ്റൻ വാര്‍ണറും സീസണില്‍ ആദ്യമായി കളത്തിലിറങ്ങിയ വൃദ്ധിമാൻ സാഹയും ചേര്‍ന്ന ഓപ്പണിങ് സഖ്യം തകര്‍പ്പൻ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. നാലാം ഓവറില്‍ ടീം സ്‌കോര്‍ അമ്പത് കടന്നു. എല്ലാ ഓവറുകളിലും ഒന്നിലധികം തവണ ബോള്‍ അതിര്‍ത്തി കടന്നു.
അടിച്ചുതകര്‍ത്ത് സാഹ; 'സ്വാഹ'യായി ഡല്‍ഹി ബോളര്‍മാര്‍
ഡല്‍ഹിക്കെതിരെ രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി ഹൈദരാബാദ് അടിച്ചെടുത്തത് 219 റണ്‍സ്. 45 പന്തില്‍ 2 സിക്‌സുകളുടെയും 12 ഫോറുകളുടെ അകമ്പടിയോടെ വൃദ്ധിമാൻ സാഹ 87 റണ്‍സെടുത്തു.
പത്താം ഓവറിലാണ് സഖ്യം പിരിഞ്ഞത്. 34 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും അടക്കം 66 റണ്‍സ് നേടി വാര്‍ണര്‍ മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 107ല്‍ എത്തിയിരുന്നു. പിന്നാലെ ഉത്തരവാദിത്തം സാഹ ഏറ്റെടുത്തു. 45 പന്തില്‍ 2 സിക്‌സുകളുടെയും 12 ഫോറുകളുടെ അകമ്പടിയോടെ 87 റണ്‍സെടുത്ത സാഹ പതിനഞ്ചാം ഓവറില്‍ പുറത്തായി. ടീം സ്‌കോര്‍ 170 റണ്‍സിലെത്തിച്ച ശേഷമാണ് സാഹ മടങ്ങിയത്. കരുത്തുറ്റ അടിത്തറയില്‍ നിന്ന് മനീഷ് പാണ്ഡെയും കെയ്‌ൻ വില്യംസണും ടീമിനെ മുന്നോട്ട് നയിച്ചു. 31 പന്തില്‍ ഒരു സിക്‌സും നാല് ഫോറും അടക്കം 44 റണ്‍സെടുത്ത മനീഷ് പാണ്ഡെയും 10 പന്തില്‍ 11 റണ്‍സുമായി കെയ്‌ൻ വില്യംസണും പുറത്താകാതെ നിന്നു. തുടക്കത്തിലെ സ്‌കോറിങ് വേഗം അവസാന നിമിഷം ഉണ്ടായിരുന്നില്ല. മറുവശത്ത് ഡല്‍ഹി ബോളര്‍മാര്‍ക്കെല്ലാം കണക്കിന് തല്ലുകിട്ടി. സ്‌റ്റാര്‍ ബോളര്‍ കഗീസോ റബാഡ നാല് ഓവറില്‍ വഴങ്ങിയത് 54 റണ്‍സ്. വിക്കറ്റൊന്നും കിട്ടിയതുമില്ല. നോര്‍ജെക്കും അശ്വിനുമാണ് വിക്കറ്റ് ലഭിച്ചത്.