കേരളം

kerala

ETV Bharat / sports

കമ്മിന്‍സിന് മുന്നില്‍ പതറി; രാജസ്ഥാന്‍ പ്ലേ ഓഫ്‌ കാണാതെ പുറത്ത് - ഐപിഎൽ 2020 യുഎഇ

രണ്ട്, മൂന്ന് തീയ്യതികളിലായി നടക്കുന്ന രണ്ട് ഐപിഎല്ലുകളുടെ ഫലം പുറത്ത് വരുന്നത് വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഇനിയും പ്ലേ ഓഫ്‌ പ്രതീക്ഷകളുമായി കാത്തിരിക്കാം

IPL 2020  IPL 2020 news  IPL 2020 UAE  ipl 2020 match today  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത
കമ്മിന്‍സ്

By

Published : Nov 2, 2020, 12:04 AM IST

ദുബായ്:നിര്‍ണായക മത്സരത്തില്‍ തൊട്ടതെല്ലാം പിഴച്ച രാജസ്ഥാനെതിരെ 60 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡ്ഴ്‌സ്. ദുബായില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ 131 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മത്സരത്തില്‍ പരാജയപ്പെട്ടതോടെ രാജസ്ഥാന്‍ പ്ലേ ഓഫ്‌ കാണാതെ പുറത്തായി. ചെന്നൈ സൂപ്പര്‍ കിങ്സിനും കിങ്സ് ഇലവന്‍ പഞ്ചാബിനും പിന്നാലെ പ്ലേ ഓഫ്‌ കാണാതെ പുറത്താകുന്ന മൂന്നാമത്തെ ടീമാണ് രാജസ്ഥാന്‍.

മലയാളി താരം സഞ്ജു സാംസണും(1) ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും(18) ഉള്‍പ്പെടുന്ന രാജസ്ഥാന്‍റെ വമ്പന്‍ ബാറ്റിങ് നിര പേസര്‍ പാറ്റ് കമ്മിന്‍സിന്‍റെ നേതൃത്വത്തിലുള്ള ബൗളിങ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. സീസണില്‍ കമ്മിന്‍സ് നിറഞ്ഞാടിയ മത്സരത്തിനാണ് ദുബായ് സാക്ഷ്യം വഹിച്ചത്. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് സ്വന്തമാക്കിയ കമ്മിന്‍സാണ് കളിയിലെ താരം. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ശിവം മാവിയും വരുണ്‍ ചക്രവര്‍ത്തിയും ഒരു വിക്കറ്റ് വീഴ്‌ത്തിയ കമലേഷ് നാഗര്‍ഗോട്ടിയും കമ്മിന്‍സിന് പിന്തുണ നല്‍കിയതോടെ രാജസ്ഥന്‍റെ പതനം പൂര്‍ണമായി. 35 റണ്‍സെടുത്ത ജോസ് ബട്‌ലറും 31 റണ്‍സെടുത്ത രാഹുല്‍ തെവാട്ടിയയും 23 റണ്‍സെടുത്ത ശ്രേയസ് ഗോപാലും മാത്രമാണ് നൈറ്റ് റൈഡേഴ്‌സിന്‍റെ ബൗളിങ് ആക്രമണത്തിന് മുന്നില്‍ അല്‍പ്പമെങ്കിലും പിടിച്ച് നിന്നത്. ബട്‌ലറും തെവാട്ടിയയും ചേര്‍ന്ന കൂട്ടുകെട്ട് മാത്രമാണ് കൊല്‍ക്കത്തെയ അല്‍പ്പമെങ്കിലും ഉലച്ചത്. ഇരുവരും ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 43 റണ്‍സാണ് പിറന്നത്.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ദ്ധസെഞ്ച്വറിയോടെ പുറത്താകാതെ 68 റണ്‍സെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍റെ നേതൃത്വത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 35 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മോര്‍ഗന്‍റെ ഇന്നിങ്സ്.

കൂടുതല്‍ വായനക്ക്: കൊല്‍ക്കത്തയെ മുന്നില്‍ നിന്ന് നയിച്ച് മോര്‍ഗൻ; രാജസ്ഥാന് ലക്ഷ്യം 193 റണ്‍സ്

ജയത്തോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകള്‍ വീണ്ടും സജീവമായി. നേരത്തെ പോയിന്‍റ പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന കൊല്‍ക്കത്ത നിലവില്‍ 14 പോയിന്‍റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്. അതേസമയം പരാജയപ്പെട്ട രാജസ്ഥാന്‍ 12 പോയിന്‍റുമായി അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ABOUT THE AUTHOR

...view details